യുദ്ധ നഷ്ടപരിഹാരം: 2017 വരെ ഇറാഖിന് സമയം നീട്ടിനല്‍കി

കുവൈത്ത് സിറ്റി: യുദ്ധ നഷ്ടപരിഹാരമായി രാജ്യത്തിന് ലഭിക്കേണ്ട തുക അടച്ചുതീര്‍ക്കാന്‍ ഇറാഖിന് 2017 വരെ കുവൈത്ത് സമയം അനുവദിച്ചു. സദ്ദാം ഹുസൈന്‍െറ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തയാറാക്കിയ കുവൈത്ത് നഷ്ടപരിഹാര അതോറിറ്റി ചെയര്‍മാന്‍ ഖാലിദ് അഹ്മദ് അല്‍മുദഹ്ഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടപരിഹാര വകയില്‍ ഇനി കുവൈത്തിന് ലഭിക്കാനുള്ളത് 460 കോടി ഡോളറാണ്. രാജ്യത്തിന്‍െറ പ്രത്യേക സാമ്പത്തിക സാഹചര്യവും മറ്റും കണക്കിലെടുത്ത് ഈ തുക ഏല്‍പിക്കുന്നതിന് സാവകാശം നല്‍കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇറാഖ് വിദേശകാര്യമന്ത്രി ഡോ. ഇബ്റാഹീം അല്‍ അശൈഖിര്‍ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹിന് അയച്ച കത്തില്‍ ബാക്കി തുക അടച്ചുതീര്‍ക്കാന്‍ തങ്ങള്‍ക്ക് 2017 വരെ സമയം ആവശ്യപ്പെട്ടിരുന്നു. അയല്‍രാജ്യമായ ഇറാഖിന്‍െറ പ്രത്യേക ആവശ്യം  പരിഗണിച്ചാണ് കുവൈത്ത് അതിന് സമ്മതിച്ചത്. സദ്ദാം ഹുസൈന്‍െറ സൈന്യം രണ്ട് പതിറ്റാണ്ടുമുമ്പ് അധിനിവേശം നടത്തിയതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി കുവൈത്തിന് ഇറാഖ് 5240 കോടി ഡോളര്‍ നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയാണ് തീരുമാനിച്ചത്. യു.എന്‍ നഷ്ടപരിഹാര കമീഷന്‍ (യു.എന്‍.സി.സി) വഴിയാണ് നഷ്ടപരിഹാരം കൈമാറ്റം ചെയ്തിരുന്നത്. 
ഏഴുമാസം നീണ്ട അധിനിവേശത്തിനിടെ കുവൈത്തിലെ എഴുനൂറോളം എണ്ണക്കിണറുകളാണ് ഇറാഖ് തീയിട്ട് നശിപ്പിച്ചത്. അധിനിവേശത്തില്‍നിന്ന് മോചനം നേടിയിട്ടും മാസങ്ങളോളം തീ അണക്കാന്‍ പറ്റാത്തവിധമായിരുന്നു പല എണ്ണക്കിണറുകളും. കൂടാതെ, ഇറാഖ് സൈന്യം കുവൈത്തില്‍നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കുവൈത്ത് എയര്‍വേസിന്‍െറ വിമാനങ്ങള്‍ വരെ ഇറാഖ് സൈന്യം നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇറാഖ് എണ്ണവില്‍പനയിലൂടെ നേടുന്ന തുകയുടെ 30 ശതമാനമാണ് ആദ്യഘട്ടം കുവൈത്തിന് ലഭിച്ചിരുന്നത്. പിന്നീട് ഇത് 25 ശതമാനമാക്കി കുറക്കുകയും സദ്ദാം ഹുസൈന്‍ ഭരണത്തിന്‍െറ അന്ത്യത്തിനുശേഷം ഇത് അഞ്ചു ശതമാനമാക്കുകയും ചെയ്തു. 
ഒരുവര്‍ഷം മുമ്പ് ലഭിച്ച ഗഡുവോടെ ഇതുവരെ 4780 കോടി ഡോളര്‍ ഇറാഖ് കുവൈത്തിന് നഷ്ടപരിഹാര ഇനത്തില്‍ നല്‍കിക്കഴിഞ്ഞു. ബാക്കി 460 കോടി ഡോളറാണ് നിലവില്‍ കുടിശ്ശികയുള്ളത്. നേരത്തേ പല ഘട്ടങ്ങളിലായാണ് ഇറാഖ് കുവൈത്തിന് നഷ്ടപരിഹാരത്തുക നല്‍കിക്കൊണ്ടിരുന്നത്. ബാക്കി തുക മുഴുവന്‍ ഒഴിവാക്കിത്തരണമെന്ന ആവശ്യവും ഇടക്ക് ഇറാഖ് ഉന്നയിച്ചിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ സമയം നീട്ടിത്തരാമെന്നും രാജ്യത്തിന്‍െറ അവകാശമായ നഷ്ടപരിഹാരം ഒഴിവാക്കുന്ന പ്രശ്നമില്ളെന്നും കുവൈത്ത് വ്യക്തമാക്കിയതോടെയാണ് ഇറാഖ് സാവകാശം ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.