ഇമാം ജഅ്ഫര്‍ സാദിഖ് മസ്ജിദ് സ്ഫോടനം: പ്രതികളുടെ അപ്പീലില്‍ വിചാരണ നവംബര്‍ അഞ്ചിലേക്ക് നീട്ടി

കുവൈത്ത് സിറ്റി: ഇമാം ജഅ്ഫര്‍ സാദിഖ് മസ്ജിദിലെ ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ അപ്പീലില്‍ തുടര്‍വിചാരണ കോടതി വീണ്ടും നീട്ടി. വ്യാഴാഴ്ച ജസ്റ്റിസ് ഹാനി അല്‍ഹംദാന്‍െറ അധ്യക്ഷതയില്‍ കൂടിയ അപ്പീല്‍ കോടതിയാണ് കേസിന്‍െറ തുടര്‍വിചാരണ വീണ്ടും നീട്ടിവെച്ചത്. 
വാദികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് കേസ് മാറ്റിവെക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, എഫ്.ഐ.ആര്‍ തയാറാക്കി പ്രതികളെ കസ്റ്റഡിയിലെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്ന് കോടതി മൊഴിയെടുത്തു. 
രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രമാദമായ കേസില്‍ കീഴ്കോടതി വധശിക്ഷ വിധിച്ച പ്രതികളാണ് ഇളവ് ആവശ്യപ്പെട്ട് അപ്പീല്‍ കോടതിയെ സമീപിച്ചത്. ഈ മാസം 25നാണ് കേസുമായി ബന്ധപ്പെട്ട് ആദ്യമായി അപ്പീല്‍ കോടതിയില്‍ സിറ്റിങ് നടന്നത്. അന്ന് കേസിലെ പ്രധാന പ്രതി അബ്ദുറഹ്മാന്‍ സബാഹ് ഈദാനില്‍നിന്ന് മൊഴിയെടുത്തപ്പോള്‍ കീഴ്കോടതിയില്‍ കുറ്റം സമ്മതിച്ചുകൊണ്ട് നടത്തിയ മൊഴി അദ്ദേഹം മാറ്റിപ്പറയുകയായിരുന്നു. 
ഈദാനു പിന്നാലെ ശിക്ഷക്ക് വിധിക്കപ്പെട്ട മറ്റു പ്രതികളും അന്ന് കുറ്റം നിഷേധിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 26ന് വെള്ളിയാഴ്ചയാണ് ശര്‍ഖിലെ സവാബിര്‍ കെട്ടിടസമുച്ചയത്തിന് സമീപത്തെ പള്ളിയില്‍ ചാവേര്‍ സ്ഫോടനം നടന്നത്. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്വേഷണത്തില്‍ 29 പേരെ പ്രതിപ്പട്ടികയില്‍  ചേര്‍ത്ത് കോടതിയില്‍ പ്രോസിക്യൂഷന്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പല ഘട്ടങ്ങളിലായി നടന്ന സിറ്റിങ്ങിലൂടെ ഏഴുപേരെ തൂക്കിക്കൊല്ലാനും എട്ടുപേരെ രണ്ടു മുതല്‍ 15 വര്‍ഷം വരെ തടവിലിടാനും കോടതിയുടെ വിധിയുണ്ടായി. 14 പേരെ കുറ്റക്കാരല്ളെന്ന് കണ്ട് വെറുതെവിട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.