കുവൈത്ത് ഒളിമ്പിക് അസോസിയേഷന് വിലക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന് ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കുവൈത്ത് ഒളിമ്പിക് അസോസിയേഷനും സസ്പെന്‍ഷന്‍. രാജ്യത്തെ കായികനിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ഒളിമ്പിക് സമിതിയാണ് (ഐ.ഒ.സി) കുവൈത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കായിക നിയമത്തിലെ ചില വകുപ്പുകള്‍ ഒളിമ്പിക് ചാര്‍ട്ടറിന് വിരുദ്ധമാണെന്നും അടിയന്തരമായി ഭേദഗതി വരുത്തിയില്ളെങ്കില്‍ വിലക്കുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും ഐ.ഒ.സി കുവൈത്ത് ഒളിമ്പിക് അസോസിയേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 
അപാകതകള്‍ പരിഹരിക്കാന്‍ ഈ മാസം 27 വരെ സമയം അനുവദിക്കുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി ഐ.ഒ.സി പ്രതിനിധികള്‍ കുവൈത്ത് ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ചനടത്തുകയുണ്ടായി. എന്നാല്‍, കുവൈത്തിന്‍െറ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വിലക്കുമായി  മുന്നോട്ടു പോകുകയാണ് -ഐ.ഒ.സി പ്രസ്താവനയില്‍ അറിയിച്ചു. 
സസ്പെന്‍ഷന്‍ നിലവില്‍വന്നതോടെ ഒളിമ്പിക് ചാര്‍ട്ടര്‍ പ്രകാരം  സംഘടിപ്പിക്കപ്പെടുന്ന മുഴുവന്‍ കായിക പരിപാടികളില്‍ നിന്നും കുവൈത്ത് മാറ്റിനിര്‍ത്തപ്പെടും. കുവൈത്ത് പൗരന്മാരായ കായിക താരങ്ങളെ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുവദിക്കുമോ എന്നതുസംബന്ധിച്ച് അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും ഐ.ഒ.സി അറിയിച്ചു.  അതേസമയം, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തെ  കുവൈത്ത് കായിക, യുവജന അതോറിറ്റി അപലപിച്ചു. രാജ്യത്തിന്‍െറ യശസ്സ് തകര്‍ക്കാനുള്ള ചിലരുടെ നീക്കങ്ങള്‍ക്ക് ഒളിമ്പിക് കമ്മിറ്റി കൂട്ടുനില്‍ക്കുകയാണെന്ന് അതോറിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 
അഞ്ചു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് കുവൈത്തിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സസ്പെന്‍ഡ് ചെയ്യുന്നത്. 2010ല്‍ സമാന കാരണങ്ങളാല്‍ ഏര്‍പ്പെടുത്തിയ വിലക്ക് 2012 ലണ്ടന്‍  ഒളിമ്പിക്സിനു മുന്നോടിയായി പിന്‍വലിക്കുകയായി
രുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.