അനധികൃത താമസക്കാര്‍ക്കായി  രാജ്യവ്യാപക റെയ്ഡിന് നീക്കം

കുവൈത്ത് സിറ്റി: അനധികൃത താമസക്കാരെ പിടികൂടുന്നതിനുവേണ്ടിയുള്ള രാജ്യവ്യാപക റെയ്ഡിന് ആഭ്യന്തരമന്ത്രാലയം തയാറെടുപ്പുകള്‍ ആരംഭിച്ചു. മന്ത്രാലയത്തിന്‍െറ ചരിത്രത്തില്‍ ഇന്നോളം നടത്തിയിട്ടില്ലാത്ത അരിച്ചുപെറുക്കിയുള്ള റെയ്ഡുകള്‍ക്കാണ് നീക്കം. 
ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച പദ്ധതികള്‍ തയാറാക്കിയത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 1,13,000 പേര്‍ രാജ്യത്ത് ഇഖാമ കാലാവധി കഴിഞ്ഞ് തങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. ഇതുവരെ നടന്ന റെയ്ഡുകളിലൊന്നും കുടുങ്ങാതെ രക്ഷപ്പെട്ടുപോന്നവരുടെയും പുതുതായി ഈ വിഭാഗത്തിലേക്ക് വന്നുചേര്‍ന്നവരുടെയും കണക്കാണിത്. രാജ്യത്തെ മൊത്തം ജനസംഖ്യയെ അപേക്ഷിച്ചുനോക്കിയാല്‍ അനധികൃത താമസക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ആഭ്യന്തര വകുപ്പിന് പുറമെ ബന്ധപ്പെട്ട മറ്റു മന്ത്രാലയങ്ങളുടെ  സഹകരണത്തോടെ ഉടന്‍തന്നെ വ്യാപക റെയ്ഡ് നടക്കുമെന്നും ഇഖാമ ലംഘകര്‍ക്ക് ഒരിടത്തും രക്ഷ ലഭിക്കില്ളെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ദിഷ്ട റെയ്ഡിന്‍െറ ഭാഗമായി രാജ്യത്തെ ഇഖാമ ലംഘകരുടെ രാജ്യങ്ങള്‍ തിരിച്ചുള്ള കണക്ക് ആഭ്യന്തരവകുപ്പ് പുറത്തുവിട്ടു. ഇതുപ്രകാരം ഇന്ത്യക്കാരാണ് രാജ്യത്തെ ഇഖാമ ലംഘകരില്‍ ഒന്നാം സ്ഥാനത്തുള്ളത്. 28,000 ഇന്ത്യക്കാരാണ് കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ താമസനിയമം ലംഘിച്ച് കഴിയുന്നത്. 23,000 ഇഖാമ ലംഘകരുള്ള ബംഗ്ളാദേശാണ് രണ്ടാം സ്ഥാനത്ത്. ശ്രീലങ്ക (17,000), ഈജിപ്ത് (9000), ഫിലിപ്പീന്‍സ് (8000), സിറിയ (7000), പാകിസ്താന്‍ (3000), ഇറാന്‍ (1500), ഇറാഖ് (1400) എന്നിങ്ങനെയാണ് മറ്റു പ്രധാന രാജ്യങ്ങളില്‍നിന്നുള്ള ഇഖാമ ലംഘകരുടെ കണക്ക്. അതേസമയം, റെയ്ഡുകളില്‍ പിടികൂടുന്നതിന് മുമ്പ് ഇത്തരം ആളുകള്‍ക്ക് സ്വയം കീഴടങ്ങാനും സാധ്യമെങ്കില്‍ താമസം നിയമപരമാക്കാനും അവസരമുണ്ടെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. 
ആഭ്യന്തരമന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി കേണല്‍ അബ്ദുല്‍ ഫത്താഹ് അല്‍അലി, പരിശോധക വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി കേണല്‍ ഖാലിദുദ്ദീന്‍, കുറ്റകൃത്യങ്ങളുടെ തെളിവെടുപ്പുകാര്യ ഡിപ്പാര്‍ട്മെന്‍റ് മേധാവി കേണല്‍ ഡോ. ഫഹദ് അല്‍ദൂസരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.