കുവൈത്ത് ജനസംഖ്യ 42 ലക്ഷം 

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികളെ അപേക്ഷിച്ച് വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിലവില്‍ കുവൈത്തിലെ ജനസംഖ്യ 42,13,847 ആണ്. ഇതില്‍ 13,02,508 പേര്‍ മാത്രാണ് സ്വദേശികളായുള്ളത്.  29,11,339 പേര്‍ വിദേശികളാണ്. കഴിഞ്ഞ മാര്‍ച്ച്വരെയുള്ള കണക്കുകള്‍ വെച്ച് ജനറല്‍ സെന്‍സസ് വിഭാഗം പുറത്തുവിട്ട പുതിയ സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിദേശികളുടെ തോത് 69 ശതമാനവും സ്വദേശികളുടേത് 31 ശതമാനവുമാണ്. ഇതിന്‍െറ തുടര്‍പ്രതിഫലനമായി രാജ്യത്തെ തൊഴില്‍ മേഖലയില്‍ 81ശതമാനവും കൈയടക്കിയിരിക്കുന്നത് വിദേശികളാണെന്നതാണ് മറ്റൊരു വസ്തുത. രാജ്യങ്ങള്‍ തിരിച്ചുള്ള കണക്ക് പ്രകാരം കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലുമായി  4,54,813 ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. 
രാജ്യത്തെ തൊഴില്‍വിപണി കൈയടക്കിവെച്ചിരിക്കുന്ന രണ്ടാമത്തെ വിഭാഗം ഈജിപ്തുകാരാണ്. 4,19,000 ഈജിപ്തുകാരാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂന്നാം സ്ഥാനമാണ് സ്വദേശികള്‍ക്കുള്ളത്. സ്വന്തം നാട്ടുകാരായി 3,53,818 പേര്‍ മാത്രമാണ് രാജ്യത്തെ തൊഴില്‍ വിപണിയിലുള്ളത്. ബംഗ്ളാദേശ് (1,38,000), പാകിസ്താന്‍ (92,000) എന്നിങ്ങനെയാണ് രാജ്യത്തെ തൊഴില്‍വിപണിയില്‍ കൂടുതലുള്ള രാജ്യക്കാരുടെ കണക്ക്. തൊഴില്‍ വിപണിയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ ഇന്ത്യ, ഈജിപ്ത്, കുവൈത്ത് എന്നീ രാജ്യക്കാരുടെ തോത് യഥാക്രമം 24, 23, 19 എന്നീ ശതമാനമാണ്. അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന ഒരു വിദേശിയുടെ മധ്യനിലവാരത്തിലുള്ള ശമ്പളം 680 ദീനാറും സ്വകാര്യമേഖലയിലെ ഇടത്തരം ശമ്പളം 334 ദീനാറുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദേശികളുടെ എണ്ണം കൂടിവരുന്നതും തൊഴില്‍ മേഖലകളില്‍ അവരുടെ കടന്നുകയറ്റവും ഭാവിയില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയാണ് റിപ്പോര്‍ട്ട് പ്രകടിപ്പിച്ചത്. സുതാര്യ നടപടികളിലൂടെ വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ വിപണിയിലെ ആവശ്യത്തിന് അനുസരിച്ച് സ്വദേശികള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുന്ന പദ്ധതി ശക്തിപ്പെടുത്തുകയാണുവേണ്ടതെന്ന നിര്‍ദേശമാണ് സമര്‍പ്പിക്കപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.