ബഹ്റൈനിൽ വ്യത്യസ്തമായ രീതിയിൽ ടൂറിസം ദിനം അടയാളപ്പെടുത്തുന്നതിനായി ലോക ടൂറിസം ദിനത്തിൽ ബി.ടി.ഇ.എ, ബി.എ.സി.എ, എം.ഒ.ടി.ടി, ബി.പി.ടി.സി സംയുക്തമായി സംഘടിപ്പിച്ച ടൂർ അഭിമാനവും മികച്ച അനുഭവവും പ്രദാനം ചെയ്തു. ഒരു ദശാബ്ദത്തിലേറെയായി ബഹ്റൈനിൽ താമസിക്കുന്ന എനിക്ക് ബഹ്റൈൻ നാഷനൽ മ്യൂസിയം, അൽ ജസ്ര ക്രാഫ്റ്റ് വില്ലേജ്, കാനൂ മ്യൂസിയം എന്നിവ ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ് ടൂറിൽ ഒരവസരം കിട്ടി പങ്കെടുക്കുന്നത് ഇതാദ്യമാണ്.
ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച നാല് മണിക്കൂർ നീണ്ട ടൂർ ബാബ് അൽ ബഹ്റൈനിലെ കാനൂ മ്യൂസിയം, അൽ ജസ്ര ഗ്രാമത്തിലെ ക്രാഫ്റ്റ് സെന്റർ, ഉൾപ്പെടെ വിശദമായ ടൂർ ഗൈഡുമായി വൈകീട്ട് ഏഴിന് അവസാനിച്ചു. അൽ ജസ്ര ക്രാഫ്റ്റ് വില്ലേജിൽ പ്രദർശനം, തത്സമയ ഉൽപാദനം, വിൽപന എന്നിവക്കായി ഒരു മേൽക്കൂരക്കുകീഴിൽ കരകൗശല കേന്ദ്രങ്ങൾക്കായി ഒരുക്കിയ കേന്ദ്രം പ്രത്യേകമായി പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അധികാരികളെ ശരിക്കും അഭിനന്ദിക്കുന്നു.
ഭാവിതലമുറകൾക്ക് സുസ്ഥിരവികസനത്തെ പിന്തുണക്കുന്നതിനായി ഒരു കുടക്കീഴിൽ കരകൗശല വസ്തുക്കൾക്കായി എല്ലാം ഒരു പദ്ധതിയിൽ പ്രാദേശിക ജനങ്ങളെയും സമ്പദ്വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നത് ശ്രദ്ധേയമാണ്. പവിഴദ്വീപിന്റെ സമ്പന്നവും പഴയതുമായ സാംസ്കാരിക പൈതൃകമായ മൺപാത്ര നിർമാണം പോലുള്ള പരമ്പരാഗത കരകൗശല വസ്തുക്കളാണ് സഞ്ചാരികളെ ആകർഷിക്കുന്ന അൽ ജസ്ര ക്രാഫ്റ്റ് സന്ദർശനത്തിന്റെ പ്രത്യേകത.
ഗ്രാമപ്രദേശത്തെ ക്രാഫ്റ്റ് സെന്റർ സന്ദർശനവേളയിൽ തുണി നെയ്ത്തും രസകരമായിരുന്നു. കേരളത്തിലും ഇത്തരം സംരംഭങ്ങൾ ഒരു കുടക്കീഴിൽ ക്രമീകരിക്കുന്നത് തലമുറ വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കുന്നത് മാതൃകയാക്കാവുന്നതാണ്. വരാനിരിക്കുന്ന കാലാവസ്ഥ അനുകൂല സീസണിൽ ബി.പി.ടി.സിയുടെ പിന്തുണയോടെ പൊതു ഗതാഗതം പ്രോത്സാഹനത്തിന്റെ ഭാഗമായി ടൂർ ഗൈഡുകളുമായി കൂടുതൽ ഗ്രൂപ് ടൂറുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.