ശീതകാലത്തെ നേരിടുന്നതിന് തൊഴിലാളികൾക്കായി യു.എൻ.ഐ.ബി ടീം നടത്തിയ ശീതകാല കിറ്റ് വിതരണം
2026ലെ ആദ്യ സാമൂഹികസേവന പരിപാടിയുമായി ടീം യു.എൻ.ഐ.ബി
മനാമ: ബഹ്റൈനിൽ അനുഭവപ്പെടുന്ന കടുത്ത ശീതകാലത്തെ നേരിടുന്നതിനായി തൊഴിലാളികൾക്കായി യു.എൻ.ഐ.ബി ടീം ശീതകാല കിറ്റ് വിതരണം നടത്തി. ഏകദേശം 50 തൊഴിലാളികൾക്ക് ആവശ്യമായ ശീതകാല ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. 2026ലെ യു.എൻ.ഐ.ബിയുടെ ആദ്യ സേവന പരിപാടിയാണിത്
‘ലൈറ്റ് ഓഫ് കൈൻഡ്നസ് ആൻഡ് സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്’ എന്ന സംഘടനയുടെ സ്ഥാപകനായ സയ്യിദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഏറ്റവും കൂടുതൽ സഹായം ആവശ്യമായ വിഭാഗങ്ങളിലേക്ക് കരുതലും പ്രതീക്ഷയും എത്തിക്കുന്ന പ്രവർത്തനങ്ങളുടെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
തുറന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ശീതകാലത്ത് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ഈ സഹായം വലിയ ആശ്വാസമായി മാറിയതായി പങ്കെടുത്തവർ അറിയിച്ചു. യു.എൻ.ഐ.ബി ടീമിന്റെ സന്നദ്ധ നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനം മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മികച്ച മാതൃകയായി. ഇത്തരം സേവനപ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു.
രമ്യ ഗിരീഷ്, ആര്യ രാജേഷ്, ജയ്സി ജയചന്ദ്രൻ എന്നിവർ കോഓഡിനേറ്റർമാരായി. എക്സിക്യൂട്ടിവ് അംഗങ്ങളായ അനു ഷജിത്ത് (സെക്രട്ടറി), അപർണ ചന്ദ്രൻ, സുചിത്ര രാജീവ്, വിശാൽ മുല്ലശേരിൽ, ലൗലി ജെയിംസ്, സുചി, ശ്വേത പുനിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.