മനാമ: സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ ബഹ്‌റൈൻ കൈവരിച്ച പുരോഗതി എടുത്തുകാട്ടുന്ന 2026ലെ വോളന്ററി നാഷണൽ റിവ്യൂ റിപ്പോർട്ട് പുറത്തിറങ്ങി. ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾ ഉൾപ്പെടെയുള്ള കടുത്ത പ്രതിസന്ധികൾക്കിടയിലും, സമാധാനത്തിലും സുസ്ഥിര വികസനത്തിലും രാജ്യം ഉറച്ചുനിൽക്കുന്നുവെന്നാണ് സുസ്ഥിര വികസന മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2030ഓടെ കൈവരിക്കേണ്ട ആഗോള ലക്ഷ്യങ്ങൾക്കായുള്ള ബഹ്‌റൈന്റെ പ്രവർത്തനങ്ങളും ഈ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ജൂലൈ 7 മുതൽ 15 വരെ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടക്കുന്ന ഹൈ-ലെവൽ പൊളിറ്റിക്കൽ ഫോറത്തിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കും.
മികച്ച ആരോഗ്യ സംവിധാനങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, സാമൂഹിക പിന്തുണ എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കുന്നതിൽ രാജ്യം വലിയ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും നാഷണൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ സെഹാത്തി ഈ വർഷാവസാനത്തോടെ പൂർണ്ണമായി നടപ്പിലാകുമെന്നും റിപ്പോർട്ട് പറയുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 55.9 ശതമാനവും സ്ത്രീകളാണെന്നും തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം 43 ശതമാനമായി വർദ്ധിച്ചുവെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ 34.4 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണ്.
തൊഴിൽ മേഖലയിൽ 2023-2025 കാലയളവിൽ തംകീൻ വഴി 32,400 ബഹ്‌റൈനികൾക്ക് തൊഴിൽ ലഭ്യമാക്കാനും വേതന സംരക്ഷണ സംവിധാനം വഴി തൊഴിൽ തർക്കങ്ങൾ ഗണ്യമായി കുറയ്ക്കാനും സാധിച്ചു. 2060-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നതിൽ ഇതിനോടകം ലക്ഷ്യത്തേക്കാളേറെ കൈവരിക്കാൻ ബഹ്‌റൈന് സാധിച്ചു. 3.6 ദശലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതിയുടെ 62 ശതമാനവും പൂർത്തിയായി.
ഭവന പദ്ധതികൾക്കായി 800 ദശലക്ഷം ദീനാർ 2025-26 ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അഞ്ച് പുതിയ നഗരങ്ങളുടെ വികസനവും നടപ്പിലാക്കി വരുന്നു. ബദൽ ശിക്ഷാ പദ്ധതിയും ഓപ്പൺ പ്രിസൺ പ്രോഗ്രാമും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ തോത് 2.5 ശതമാനമായി കുറയ്ക്കാൻ ഇതിലൂടെ കഴിഞ്ഞു.
ഇറാൻ നടത്തിയ ആക്രമണങ്ങൾ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചെങ്കിലും, ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് സർക്കാർ മുൻഗണന നൽകിയതെന്ന് സുസ്ഥിര വികസന മന്ത്രിയും ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് സി.ഇ.ഒയുമായ നൂർ അൽ ഖലീഫ് വ്യക്തമാക്കി. ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2050-ന്റെ ഭാഗമായി സുസ്ഥിരമായ വികസനത്തിനായുള്ള ദീർഘകാല റോഡ്മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.