മനാമ: താമസവിസ നിയമം ലംഘിച്ച ഏതാനും പേർ കാപിറ്റൽ ഗവർണറേറ്റിൽ പിടിയിലായതായി അധികൃതർ അറിയിച്ചു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, എൽ.എം.ആർ.എ, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് താമസവിസ നിയമം ലംഘിച്ച വിദേശ പൗരന്മാരെ പിടികൂടിയത്. എൽ.എം.ആർ.എയുടെ നേതൃത്വത്തിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പിടികൂടപ്പെടുന്നവരെ നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കയറ്റിയയക്കുമെന്ന് എൻ.പി.ആർ അഫയേഴ്സ് അതോറിറ്റിയിലെ സെർച്ച് ആൻഡ് ഫോളോ അപ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ തലാൽ നബീൽ തഖി വ്യക്തമാക്കി. താമസവിസ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും അതുവഴി അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിനുമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് എൽ.എം.ആർ.എയിലെ ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹമദ് ഫൈസൽ അൽ മുല്ല വ്യക്തമാക്കി. തൊഴിൽവിപണിയിൽ സ്ഥിരത നിലനിർത്തുന്നതിന് ഇത് അനിവാര്യമാണെന്നും മുമ്പത്തേക്കാൾ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.