സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി

നിയമലംഘനവും അനാസ്ഥയും; ബഹ്റൈനിൽ കേരള മുസ്‌ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു, രണ്ടെണ്ണം സ്വയം ഒഴിഞ്ഞു

മനാമ: നിയമലംഘനങ്ങൾ, പ്രവർത്തനം നിർത്തിവെക്കൽ, ഭരണപരമായ പ്രശ്നങ്ങൾ എന്നിവയെത്തുടർന്ന് കേരള മുസ്‌ലിം അസോസിയേഷൻ അടക്കം ബഹ്റൈനിലെ ഒമ്പത് സാമൂഹിക-സാംസ്കാരിക സംഘടനകൾ മന്ത്രാലയം പിരിച്ചുവിട്ടു. ഇതിനുപുറമേ മറ്റ് രണ്ട് സംഘടനകൾ സ്വന്തം ആവശ്യപ്രകാരം പ്രവർത്തനം അവസാനിപ്പിച്ചതായും അധികൃതർ അറിയിച്ചു. സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പല സംഘടനകളും ദീർഘനാളായി യാതൊരു പ്രവർത്തനവും നടത്തുന്നില്ലെന്നും, ജനറൽ ബോഡി യോഗങ്ങൾ ചേരുന്നതിൽ പരാജയപ്പെട്ടുവെന്നും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. സംഘടനകളുടെ സ്വന്തം ബൈലോകളും രാജ്യത്തെ അസോസിയേഷൻ നിയമങ്ങളും ലംഘിച്ച്, ചിലയിടങ്ങളിൽ ഭരണസമിതികൾ 10 വർഷത്തിലേറെയായി തുടരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പിരിച്ചുവിട്ട ഒമ്പത് സംഘടനകളുടെ പട്ടികയിൽ പ്രവാസി കൂട്ടായ്മയായി കേരള മുസ്‌ലിം അസോസിയേഷൻ മാത്രമാണുള്ളത്.

അൽ-മുൽതഖ അൽ ഇനാമാഇ (നമാ) സൊസൈറ്റി, അൽ എസ്കാഫി സൊസൈറ്റി ഫോർ ബ്യൂട്ടിഫയിങ് ബഹ്റൈൻ, അൽ ഇൻസാൻ സൊസൈറ്റി, ഇസ്‌ലാമിക് എൻലൈറ്റൻമെന്റ് സൊസൈറ്റി, വെൽഷ് കമ്മ്യൂണിറ്റി അസോസിയേഷൻ ഇൻ ബഹ്റൈൻ, അൽ ഹദഫ് സോഷ്യൽ അസോസിയേഷൻ, അൽ നഹ്ദ യൂത്ത് അസോസിയേഷൻ, ബഹ്റൈൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയാണ് പിരിച്ചുവിട്ട മറ്റു സംഘടനകൾ. ഇതിൽ ഇസ്‌ലാമിക് എൻലൈറ്റൻമെന്റ് സൊസൈറ്റി ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടുമുണ്ട്.

അതേസമയം, ഫിർജാൻ അൽ മുഹറഖ് സൊസൈറ്റി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫോർ പ്രൊഫഷണൽ ഫിഷർമെൻ എന്നീ സംഘടനകൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് സ്വന്തം താല്പര്യപ്രകാരമാണ് പ്രവർത്തനം അവസാനിപ്പിച്ചത്.

ഉത്തരവ് വന്നതോടെ ഈ സംഘടനകളിലെ അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർമാർ, ജീവനക്കാർ എന്നിവർ തുടർപ്രവർത്തനങ്ങൾ നടത്തുന്നതോ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതോ പൂർണ്ണമായി വിലക്കിയിട്ടുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടിയന്തരമായി ലിക്വിഡേറ്റർക്ക് കൈമാറണം. ലിക്വിഡേറ്ററുടെ രേഖാമൂലമുള്ള ഉത്തരവില്ലാതെ ഈ സംഘടനകളുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് ബാങ്കുകൾക്കും കടക്കാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Violations and negligence; Nine organizations including Kerala Muslim Association dissolved in Bahrain, two withdraw voluntarily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.