അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്കൊപ്പം ഡോ. പി.വി ചെറിയാൻ
മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ സ്വന്തം കുടുംബാംഗത്തെപ്പോലെ സ്ഥാനമുള്ള ഒരാളായിരുന്നു ഡോ. പി.വി ചെറിയാൻ. ബഹ്റൈനിൽ ഈ പേര് കേൾക്കാത്ത മലയാളി ഉണ്ടാവുകയില്ല. പ്രവാസികളുടെ എന്താവശ്യത്തിനും ആദ്യം സമീപിക്കാവുന്ന ഒരാൾ. സാമൂഹിക, സാംസ്കാരിക, ആരോഗ്യ സേവന രംഗങ്ങളിൽ തിളക്കമുള്ള ചരിത്രം കുറിച്ച ഇദ്ദേഹം ഓരോ പ്രവാസി മലയാളിയുടെയും അഭിമാനമായിരുന്നു.
ഏത് കാര്യത്തെക്കുറിച്ചും ഒരു ജലധാര പോലെ ഒഴുക്കോടെ സംസാരിക്കുന്ന ഡോക്ടറുടെ അടുത്ത് അൽപ നേരം ഇരുന്നാൽ ആർക്കും അദ്ദേഹത്തോട് ആദരവ് തോന്നിപ്പോകും. ദീർഘകാലത്തെ ബഹ്റൈൻ പ്രവാസത്തിനിടയിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സായിരുന്നു അദ്ദേഹത്തിെന്റ കർമ്മ മണ്ഡലം. ഇതിനിടെ, അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ മെഡിക്കൽ സംഘത്തിലെ അംഗവുമായിരുന്നു. ഒരു ഡോക്ടറെന്ന നിലയിൽ അദ്ദേഹത്തിെന്റ സഹായം ഏറ്റുവാങ്ങിയവരുടെ എണ്ണമെടുത്താൽ തീരില്ല. അടിയന്തരമായി ആർക്കെങ്കിലും വൈദ്യസഹായം ആവശ്യമായി വന്നാൽ സാമൂഹിക പ്രവർത്തകർ ആദ്യം ബന്ധപ്പെടുക ഡോ. പി.വി ചെറിയാനെ ആയിരിക്കും. അദ്ദേഹം ബാക്കി കാര്യങ്ങൾ നോക്കുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു. ജോലിത്തിരക്കുകൾക്കിടയിലും സമൂഹത്തോടുള്ള സ്നേഹം അത്രയേറെ അദ്ദേഹം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു.
1979 ഒക്ടോബർ 16നാണ് ഡോ. പി.വി ചെറിയാൻ എന്ന മനുഷ്യസ്നേഹി ബഹ്റൈെന്റ മണ്ണിൽ കാലുകുത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി സർജറിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുന്ന സമയത്ത് വിസിറ്റ് വിസയിൽ ബഹ്റൈനിലേക്കുള്ള വരവ് അദ്ദേഹത്തിെന്റ ജീവിതംതന്നെ മാറ്റിമറിച്ചു. അക്കാലത്ത് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഇ.എൻ.ടി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ബന്ധുവും അടൂർ സ്വദേശിയുമായ ചെറിയാനാണ് വിസിറ്റ് വിസയിൽ വരാനുള്ള സഹായം ചെയ്തത്. ജോലി തേടുകയായിരുന്നില്ല വരവിെന്റ ഉദ്ദേശ്യം. ബന്ധു ക്ഷണിച്ചതനുസരിച്ച് ബഹ്റൈൻ സന്ദർശിച്ച് മടങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ബഹ്റൈനിൽ ഡോക്ടർമാർക്ക് ക്ഷാമമുള്ള സമയമായിരുന്നു അത്. ഒരു ദിവസം ആരോഗ്യ മന്ത്രാലയത്തിൽനിന്ന് അണ്ടർ സെക്രട്ടറി ഡോ. പി.വി ചെറിയാനെ വിളിപ്പിച്ച് ജോലിയിൽ പ്രവേശിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചതു മുതലാണ് ജീവിതം മാറ്റിമറിച്ചത്. ഏറെ ആലോചനകൾക്കൊടുവിൽ അദ്ദേഹം ബഹ്റൈനിൽ തന്നെ ജോലി ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്സിഡന്റ് ആന്റ് എമർജൻസി ഡിപ്പാർട്ട്മെന്റിലായിരുന്നു നിയമനം. പിന്നീട് ആറ് മാസം സർജറി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തശേഷം വീണ്ടും എമർജൻസി വിഭാഗത്തിൽതന്നെ തിരിച്ചെത്തി. 1987ൽ അഡ്മിനിസ്ട്രേറ്റീവ് റസിഡന്റ് എന്ന ചുമതലയും ലഭിച്ചു. അന്ന് 55ഓളം ഡോക്ടർമാരുടെ ശമ്പളം, ഓവർടൈം അലവൻസ്, ഡ്യൂട്ടി ലിസ്റ്റ്, പ്രൊമോഷൻ, വിദേശ പരിശീലനം തുടങ്ങിയ കാര്യങ്ങളുടെ മേൽനോട്ടം ഡോക്ടർക്കായിരുന്നു.
1982ൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സഹപ്രവർത്തകർക്കൊപ്പം ഡോ. പി.വി ചെറിയാൻ
ആദ്യകാലത്ത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരായിരുന്നു സൽമാനിയയിലെ ഡോക്ടർമാരിൽ 70 ശതമാനത്തോളം. ബോംബെയിൽനിന്നും ഗുജറാത്തിൽനിന്നുമുള്ള നിരവധി ഡോക്ടർമാർ അന്ന് ഇവിടെ ജോലി ചെയ്തിരുന്നു. എമർജൻസി വിഭാഗത്തിൽ 15 കിടക്കകളാണ് അക്കാലത്തുണ്ടായിരുന്നത്. ഇപ്പോൾ 120ഓളം കിടക്കകളുമായി എമർജൻസി വിഭാഗം കൂടുതൽ വിപുലമായി.
ബഹ്റൈനിലെ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മെഡിക്കൽ സംഘത്തെ നയിക്കാനുള്ള ചുമതലയും പിന്നീട് ഡോ. പി.വി ചെറിയാനെ തേടിയെത്തി. 2004ൽ ഫോർമുല വൺ കാറോട്ട മത്സരം ആരംഭിച്ചതുമുതൽ ഈ ചുമതല അദ്ദേഹം അങ്ങേയറ്റം മികവോടെ നിറവേറ്റി വരുന്നു. മൂന്നും നാലും ദിവസം നീണ്ടുനിൽക്കുന്ന വലിയ സ്‍പോർട്സ് മത്സരങ്ങൾക്ക് പുറമേ വർഷത്തിൽ 240ഓളം ചെറിയ മത്സരങ്ങളുമുണ്ടാകും. ഫുട്ബാൾ മത്സരങ്ങൾ, ജി.സി.സി ഉച്ചകോടികൾ തുടങ്ങിയവക്കെല്ലാം മെഡിക്കൽ സംഘത്തിന് നേതൃത്വം നൽകി ഇദ്ദേഹമുണ്ടായിരുന്നു. ഇതിന് പുറമേ, ദുരന്ത നിവാരണ സംഘത്തിലും ഡോ. പി.വി ചെറിയാൻ സജീവ സാന്നിധ്യമായി.
2000 ആഗസ്റ്റ് 23 വൈകിട്ട് 7.30നാണ് ഈജിപ്തിലെ കെയ്റോയിൽനിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ഗൾഫ് എയറിെന്റ എയർബസ് എ 320 വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽ പെടുന്നത്. മത്സ്യത്തൊഴിലാളികൾ ഏറെയുള്ള ഒരു ഗ്രാമത്തിനടുത്താണ് വിമാനം പതിച്ചത്. പതിവുപോലെ തിരക്കുകളിലായിരുന്ന ഡോ. പി.വി ചെറിയാന് ഒരു അടിയന്തര സന്ദേശം ലഭിച്ചു. ദുരന്തസാഹചര്യങ്ങളിൽ എത്തുന്ന സന്ദേശം തിരിച്ചറിഞ്ഞ അദ്ദേഹം നൊടിയിടയിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തി. ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അവിടെ തയ്യാറെടുത്ത് നിന്നിരുന്നു. അവർക്കൊപ്പം ഡോക്ടറും ദുരന്ത സ്ഥലത്തെത്തി. അമേരിക്കൻ നാവിക സേനയും ഈ സമയം ക്ഷ്രാപ്രവർത്തനത്തിന് അവിടെ എത്തി. ഡിസാസ്റ്റർ മാേനജ്മെന്റ് ടീമും നേവിയും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് കൈകോർത്തു.
ജീവനക്കാരും യാത്രക്കാരും അടക്കം 143 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആഴം കുറഞ്ഞ കടലിലേക്ക് പതിച്ചതിനാൽ ആഘാതം ചിന്തിക്കാവുന്നതിനപ്പുറമായിരുന്നു. ഒരാൾപോലും അപകടത്തിൽനിന്ന് ജീവനോടെ രക്ഷപ്പെട്ടില്ല. ശരീര ഭാഗങ്ങൾ വേർെപട്ട മൃതദേഹങ്ങൾ രക്ഷാസംഘം വാരിയെടുത്ത് കരക്കെത്തിച്ചു. ഡോക്ടർമാർ പുലർച്ചെവരെ അധ്വാനിച്ചാണ് പല മൃതദേഹങ്ങളിലും അവയവങ്ങൾ തുന്നിച്ചേർത്തത്. അന്നത്തെ സേവനത്തിന് ഗൾഫ് എയറിെന്റയും സർക്കാരിെന്റയും പ്രത്യേക അംഗീകാരം ഡോക്ടർ പി.വി ചെറിയാനെ തേടി എത്തിയിരുന്നു.
ഡോ. പി.വി ചെറിയാന് സാക്ഷ്യം വഹിക്കേണ്ടി വന്ന മറ്റൊരു ദുരന്തമാണ് 2006 മാർച്ച് 30നുണ്ടായ അൽ ദാന ബോട്ടപകടം. ബഹ്റൈൻ വേൾഡ് സെന്റർ ഇരട്ട ടവറിെന്റ ആദ്യ ഘട്ടം നിർമ്മാണം പൂർത്തിയായപ്പോൾ നടത്തിയ ആഘോഷമാണ് ദുരന്തത്തിൽ കലാശിച്ചത്. ജുഫൈർ മറീന ബീച്ചിൽ നിർത്തിയിട്ടിരുന്ന രണ്ട് ഡെക്കുള്ള അൽ ദാന എന്ന ആഢംബര ബോട്ടിലായിരുന്നു ആഘോഷം. വിദേശികളും മലയാളികളും സംഘത്തിലുണ്ടായിരുന്നു. നാസ്-മുറെ ആന്റ് റോബർട്സ് കമ്പനിയിലെ ജീവനക്കാരായിരുന്ന വിദേശികളായിരുന്നു സംഘത്തിലെ ഭൂരിഭാഗവും. ആഘോഷത്തിനിടെ ബോട്ട് മുന്നോട്ട് സഞ്ചരിച്ചപ്പോൾ ആടിയലഞ്ഞ് മറിയുകയായിരുന്നു. 17 ഇന്ത്യക്കാരും 12 ബ്രിട്ടീഷുകാരും ഉൾപ്പെടെ 58 പേരാണ് അപകടത്തിൽ മരിച്ചത്. ഓടിയെത്തിയ രക്ഷാപ്രവർത്തകർ നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പരിക്കേറ്റവരെ ചികിത്സിക്കുന്ന സംഘത്തിൽ ഡോക്ടർ പി.വി ചെറിയാനും സജീവമായുണ്ടായിരുന്നു.
അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ സ്വകാര്യ ഡോക്ടർമാരുടെ മൂന്നംഗ സംഘത്തിൽ അംഗമാകാൻ കഴിഞ്ഞത് ഡോ.പി.വി ചെറിയാെന്റ പ്രാഗത്ഭ്യത്തിന് മറ്റൊരു തെളിവായിരുന്നു. രാജസ്ഥാനിൽനിന്നുള്ള അഹമ്മദ് ഹനീഫ് അസം, കോവിഡ് കാലത്ത് മരണപ്പെട്ട ചേർത്തല സ്വദേശി ഡോ. എം.ആർ. വത്സലൻ എന്നിവരായിരുന്നു മെഡിക്കൽ സംഘത്തിലെ മറ്റ് രണ്ട് പേർ. 2000 മുതൽ 2020ൽ പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ മരിക്കുന്നതുവരെ ഇവർ മൂന്നുപേരും ഒപ്പമുണ്ടായിരുന്നു. ഫിലിപ്പീൻസ്, തായ്‍ലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിൽ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കൊപ്പം ഏഴ് മാസം ജോലി ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.