മനാമ: ബഹ്റൈനില്‍ നിശ്ചിത വര്‍ഷത്തിലധികം പഴക്കമുള്ള കാറുകളും ട്രക്കുകളും നിരോധിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി വാര്‍ത്ത. അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള ഹെവി ട്രക്കുകളും 10 വര്‍ഷത്തിലധികം പഴക്കമുള്ള കാറുകളുമാണ് നിരോധിക്കാന്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതായി നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ സാങ്കേതിക സമിതി ചെയര്‍മാന്‍ അലി അല്‍ ഷൗയിഖിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിഗണനയിലാണെന്നും കൗണ്‍സിലര്‍മാര്‍ വാഹനങ്ങള്‍ ഉപയോഗിക്കാനാകുന്ന കാലപരിധി നീട്ടണമെന്ന് ആവശ്യപ്പെടാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ചില അടിസ്ഥാന കൂടിയാലോചനകള്‍ മാത്രമാണ്. അഞ്ചു വര്‍ഷം ട്രക്കിനും 10 വര്‍ഷം കാറിനുമെന്ന കാലം കടുത്ത നടപടിയാകുമെന്നും ഇത് നിക്ഷേപകരെയും ജനങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകരം ഹെവി വാഹനങ്ങളുടെ കാലപരിധി 10 വര്‍ഷവും കാറുകളുടെ കാലപരിധി 15 വര്‍ഷവുമാക്കുന്നതാണ് നല്ലത്. പരിസ്ഥിതി സംരക്ഷണം പരിഗണിച്ചാണ് വാഹനങ്ങള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഇതുവഴി പുതിയതും പരിസ്ഥിതി സൗഹൃദപരവുമായ വാഹനങ്ങള്‍ വാങ്ങാന്‍ ജനം നിര്‍ബന്ധിതരാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഗതാഗത കുരുക്ക് കുറക്കാനും ഇത് വഴിയൊരുക്കും.
പഴയ ട്രക്കുകളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന കറുത്ത പുക അസഹനീയമാണെന്നും ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ജനത്തിന് ആശങ്കയുണ്ടെന്നും മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പറഞ്ഞു.
ഈ പുക ദുര്‍ഗന്ധവുമുണ്ടാക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറം സ്ഥിതി മോശമായി വരികയാണ്. ശ്വസിക്കുന്ന വായുവെല്ലാം മലീനീകരിക്കപ്പെട്ട അവസ്ഥയാണ്. ഹിദ്ദ് വ്യവസായ മേഖലയിലേക്കും തിരിച്ചുമുള്ള വലിയ ലോറികളിലുള്ള ചരക്ക് ഗതാഗതം മൂലം മുഹറഖില്‍ വലിയ തോതില്‍ വായുമലിനീകരണം നടക്കുന്നുണ്ട്. ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന സ്ഥലങ്ങളില്‍ ഈ ട്രക്കുകളുടെ സാന്നിധ്യവും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഈ വിഷയത്തില്‍ കൗണ്‍സിലിന് കാര്യമായൊന്നും ചെയ്യാനാകില്ളെന്നും വിവിധ കേന്ദ്രങ്ങള്‍ സംയുക്തമായി തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി പ്രവര്‍ത്തകനും സ്വിസ് ഓണററി കോണ്‍സുല്‍ ജനറലുമായ ഹംബര്‍ട് ബ്യൂമി, ബഹ്റൈനിലേക്കുള്ള ഡീസല്‍ ട്രക്കുകളുടെ ഇറക്കുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. ബഹ്റൈനി കമ്പനികള്‍ യൂറോപ്പില്‍ നിന്ന് സെക്കന്‍റ്ഹാന്‍ഡ് ട്രക്കുകള്‍ വാങ്ങുകയാണ്. അവിടുത്തെ പരിസ്ഥിതി നിലവാരവുമായി ഒത്തുപോകാത്ത വണ്ടികളാകും ഇവ. അത് ചുളു വിലക്ക് വാങ്ങി ഇവിടെ ഉപയോഗിക്കുന്ന പ്രവണതയുണ്ട്. യൂറോപ്പില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ളെങ്കില്‍, അത് ബഹ്റൈനിലും ഉപയോഗിക്കാനാകരുത്.
ചിലപ്പോള്‍ ഒരു ലോഡുമില്ലാതെ പോകുന്ന ട്രക്കില്‍ നിന്നും കറുത്ത പുക ബഹിര്‍ഗമിക്കുന്നത് കാണാം. ഈ കാഴ്ച സ്വിറ്റ്സര്‍ലാന്‍റില്‍ ഒരിക്കലും കാണില്ല. അവിടെ ട്രക്കുകള്‍ കടന്നുപോകേണ്ട വഴി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് മറികടക്കാനാകില്ല. വായുമലിനീകരണം കുറക്കാന്‍ പുതിയ നയം രൂപത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.