മനാമ: തൃശൂർ വടക്കേക്കാട്ട് വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ആഘാതത്തിൽ പ്രവാസികളും. കൊല്ലപ്പെട്ട ജമീല സജീവമായി പ്രവർത്തിച്ചിരുന്ന അഭയം പാലിയേറ്റിവിന് ബഹ്റൈനിലും പ്രവർത്തനമുണ്ടായിരുന്നു. വൈലത്തൂര്‍ അണ്ടിക്കോട്ടുകടവ് പനങ്ങാവില്‍ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് മരിച്ചത്. മയക്കുമരുന്നിനടിമയായ പേരമകൻ മുന്ന എന്ന അഗ്മലിനെ (26) സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജീവകാരുണ്യ പ്രവർത്തകയെന്ന നിലയിൽ നാട്ടിലേവർക്കും സുപരിചിതയായിരുന്നു കൊല്ലപ്പെട്ട ജമീല. അഭയം പാലിയേറ്റിവിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സജീവമായ ജമീല പ്രവാസികൾക്കും പരിചിതയാണ്.
‘ഓർമകളിലെ വന്നേരി’ എന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയിലും അവർ പ്രവർത്തിച്ചിരുന്നു. ജമീലയുടെ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി ഭർത്താവ് അബ്ദുല്ലയും എപ്പോഴുമുണ്ടായിരുന്നതായി ഇവരുടെ നാട്ടുകാരനായ കമാൽ മൊഹിയുദ്ദീൻ ഓർമിക്കുന്നു. ബഹ്റൈനിൽ ബിസിനസ് നടത്തുന്ന കമാൽ മൊഹിയുദ്ദീൻ അഭയം പാലിയേറ്റിവ് ഗ്ലോബൽ കമ്മിറ്റി ഭാരവാഹി എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. അഭയം പാലിയേറ്റിവിന്റെ ഓൺലൈൻ യോഗങ്ങളിൽ ജമീലയും ഭർത്താവ് അബ്ദുല്ലയും പങ്കെടുത്തിരുന്നു. പാലിയേറ്റിവ് പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രവാസികൾക്ക് ജമീല വിവരിച്ചുകൊടുത്തിരുന്നു.
ലഹരിക്കടിമയായ ആളുകളെ പുനരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്ത മകള്‍ നിമിതയുടെ മകനാണ് അറസ്റ്റിലായ അഗ്മൽ. മയക്കുമരുന്നിന് അടിമയായ ഇയാൾ വീട്ടിൽ പലപ്പോഴും വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്ന് മനോനില തെറ്റിയതിനാൽ അഗ്മലിനെ തിരൂരിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സക്ക് വിധേയനാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.