ഇറാനുമായുള്ള യു.എസ് ധാരണ; ഗൾഫ് സഖ്യകക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

മനാമ: ഇറാനുമായി യു.എസ് ഒപ്പുവെച്ച താൽക്കാലിക ധാരണാ പത്രം തങ്ങളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉറപ്പുനൽകി. മേഖലയിലെ സഖ്യകക്ഷികൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ജി.സി.സി സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ബഹ്‌റൈനിൽ നടന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിന് വിരാമമിട്ടുകൊണ്ട് യു.എസും ഇറാനും തമ്മിൽ കഴിഞ്ഞയാഴ്ച ഒപ്പുവെച്ച ധാരണാ പത്രത്തിന് ശേഷം നടക്കുന്ന സുപ്രധാന നയതന്ത്ര യോഗമാണിത്. ഇറാനുമായുള്ള സമാധാനം എന്നത് അമേരിക്കയുടെയോ സഖ്യകക്ഷികളുടെയോ സുരക്ഷയെയും സാമ്പത്തിക അഭിവൃദ്ധിയെയും ഒരുതരത്തിലും ദുർബലപ്പെടുത്തുന്നതായിരിക്കില്ലെന്ന് റൂബിയോ മാധ്യമങ്ങളോട് പറഞ്ഞു. സഖ്യകക്ഷികളുടെ താൽപ്പര്യങ്ങൾ ഹനിക്കുന്ന ഒരു തീരുമാനവും യു.എസ് എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനാമയിൽ നടന്ന ജി.സി.സി - യു.എസ് സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷത വഹിച്ചു. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരത്തിനായി ഒമാൻ പ്രഖ്യാപിച്ച പുതിയ ഇടനാഴിയെ അദ്ദേഹം സ്വാഗതം ചെയ്തു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഹുർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി.

യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ സന്ദർശന വേളയിലും തങ്ങളുടെ സഖ്യകക്ഷികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് റൂബിയോ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള കരാർ, മേഖലയിലെ സുരക്ഷയെ തകിടം മറിക്കുമോ എന്ന ആശങ്ക ഗൾഫ് നേതാക്കൾ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ ഈ ഉറപ്പുകൾ. ധാരണാ പത്രം പ്രകാരം പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഗൾഫ് രാജ്യങ്ങൾ സാമ്പത്തിക ബാധ്യത വഹിക്കേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    
News Summary - US agreement with Iran: Marco Rubio assures security to Gulf allies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.