മനാമ: ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. മനാമയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ബഹ്‌റൈൻ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി, ബഹ്‌റൈൻ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തി രേഖപ്പെടുത്തി. സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഊന്നിപ്പറഞ്ഞു. മേഖലാപരമായതും അന്താരാഷ്ട്രവുമായ പുതിയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി.
സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തി. അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം മേഖലയിലെ സമാധാനം നിലനിർത്തുന്നതിനും പ്രശ്നപരിഹാരത്തിനും സഹായിക്കുന്ന വിവേകപൂർണ്ണമായ തീരുമാനമാണെന്ന് യോഗം വിലയിരുത്തി. സംഭാഷണങ്ങളിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും അന്താരാഷ്ട്ര സുരക്ഷയും സമാധാനവും കൈവരിക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.