മനാമUnder 21 Men's World Volleyballകിരീടം ഇറാൻ വീണ്ടും കൈപ്പിടിയിലൊതുക്കിയത് മിന്നും പ്രകടനത്തിലൂടെ. അത്യന്തം ആവേശകരമായ മത്സരത്തിൽ 3-2 (25-20, 23-25, 23-25, 25-16, 15-9) എന്ന സ്കോറിനാണ് ഇറാൻ കരുത്തരായ ഇറ്റലിയെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് അനായാസം നേടിയ ഇറാന് അതേനാണയത്തിൽ തിരിച്ചടിനൽകി ഇറ്റലി രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകൾ കൈപ്പിടിയിലൊതുക്കി. മത്സരം കൈവിട്ടുപോകുമെന്ന് തോന്നിച്ച സന്ദർഭത്തിൽ ഇറാൻ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
നാലാമത്തെ സെറ്റ് 25-16ന് സ്വന്തമാക്കിയ ഇറാൻ നിർണായകമായ അഞ്ചാം സെറ്റ് 15-9ന് അനായാസം നേടി വിജയകിരീടമുറപ്പിച്ചു. അർജന്റീനയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച ബൾഗേറിയ മൂന്നാം സ്ഥാനം നേടി. അർജന്റീന നാലാമതായപ്പോൾ ബ്രസീലിനെ പരാജയപ്പെടുത്തി പോളണ്ട് അഞ്ചാം സ്ഥാനം നേടി. ഇന്ത്യക്ക് പന്ത്രണ്ടാം സ്ഥാനം ലഭിച്ചു. മികച്ച കളിക്കാരനുള്ള അവാർഡ് ഇറാന്റെ അമീർ മുഹമ്മദ് ഗോൽസാഡെക്ക് സമ്മാനിച്ചു. ഇറാന്റെ അർഷിയ ബെഹ്നെഷാദ് ബെസ്റ്റ് സെറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഇറാൻ താരം മൊബിൻ നസ്രി മികച്ച രണ്ട് ഔട്ട്സൈഡ് ഹിറ്റർ ബഹുമതികളിൽ ഒന്ന് സ്വന്തമാക്കി. മറ്റൊന്ന് ഇറ്റലിയുടെ മട്ടിയ ഒറിയോലിക്ക് ലഭിച്ചു. മികച്ച മിഡിൽ ബ്ലോക്കറായി ഇറ്റലിയിലെ ഫിലിപ്പോ ബാർട്ടോലൂച്ചിയും ബൾഗേറിയയുടെ ലാസർ ബൗച്ച്കോവും തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയുടെ ഗബ്രിയേൽ ലോറൻസാനോ ബെസ്റ്റ് ലിബറോ ബഹുമതി നേടി.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി പ്രസിഡന്റും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) മേധാവിയുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് 16 രാഷ്ട്രങ്ങൾ പങ്കെടുത്ത ടൂർണമെന്റ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.