'ദിശ 2025'ന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യ ടൂർണമെന്റിലെ ജേതാക്കൾ ട്രോഫിയുമായി
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ‘ദിശ 2025’ന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ കബഡി ടൂർണമെന്റിൽ തുളുനാട് കബഡി ടീം ജേതാക്കളായി. ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ഒളിമ്പിക്സ് അസോസിയേഷൻ സാങ്കേതിക വിഭാഗം ഡയറക്ടർ ലൂനെസ് മഡെയ്ൻ അതിഥിയായി പങ്കെടുത്തു. ഒക്ടോബറിൽ ബഹ്റൈനിൽ സംഘടിപ്പിക്കാൻ പോകുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ കബഡി ഒരു ഇനമായി ഉൾപ്പെടുത്താൻ ശ്രമിക്കും എന്ന് അദ്ദേഹം ടൂർണമെന്റ് വേദിയിൽ വെച്ച് ഉറപ്പു നൽകി.
രണ്ടു ഗ്രൂപുകളിലായി നടന്ന മത്സരത്തിൽ ആറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ആവേശകരമായ മത്സരത്തിലൂടെ തുളുനാട് കബഡി ടീം ജേതാക്കളായി. ഫ്രണ്ട്സ് ബഹ്റൈൻ റണ്ണേഴ്സ് അപ് ആയി.
ശിവഗംഗൈ സെമായ് മൂന്നാം സ്ഥാനവും, ബഹ്റൈൻ ബയേഴ്സ് നാലാംസ്ഥാനവും നേടി.മികച്ച റൈഡറായി തുളുനാട് ടീമിലെ വൈഷ്ണവ്, മികച്ച ഡിഫൻഡറായി തുളുനാട് ടീമിലെ സമർ, മികച്ച ഓൾറൗണ്ടറായി തുളുനാട് ടീമിലെ ശ്രീനാഥ്, മികച്ച എമർജിങ് പ്ലെയറായി ഫ്രണ്ട്സ് ബഹ്റൈൻ ടീമിലെ വിനീതും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന 'ദിശ 2025'ന്റെ ഭാഗമായി ജൂൺ മാസം വരെ നീളുന്ന വിവിധ കലാ, സാംസ്കാരിക, കായിക, സാമൂഹിക പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.