നൗക ബഹ്റൈൻ സംഘടിപ്പിച്ച ടി.പി. ചന്ദ്രശേഖരൻ-കെ.എസ്. ബിമൽ അനുസ്മരണം
മനാമ: നൗക ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ടി.പി. ചന്ദ്രശേഖരൻ-കെ.എസ്. ബിമൽ അനുസ്മരണം നടത്തി. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ 'സമകാലിക രാഷ്ട്രീയവും ഇടത് ബദൽ സാധ്യതകളും' വിഷയത്തിൽ ബഹ്റൈനിലെ പ്രമുഖ സാംസ്കാരികപ്രവർത്തകൻ പങ്കജ്നാഭൻ മുഖ്യപ്രഭാഷണം നടത്തി.
മുഖ്യധാരാ ഇടതുപക്ഷങ്ങളാകെ നവലിബറൽ മൂലധന വ്യവസ്ഥയുടെ നടത്തിപ്പുകാരാവുന്ന വർത്തമാന കാലത്ത് പുതിയ ഇടതു ബദൽ ഉയർത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിനിടയിലാണ് ടി.പി. ചന്ദ്രശേഖരൻ അതി ദാരുണമായി കൊലചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഇടതുചേരികൾക്കുതന്നെ തീരാക്കളങ്കമുണ്ടാക്കിയ സംഭവമാണത്.
ചന്ദ്രശേഖരൻ തുടങ്ങിവെച്ച ബദലന്വേഷണത്തിന്റെ പിന്തുടർച്ചയാണ് ബിമലിലൂടെ കണ്ടത്. നിർഭാഗ്യവശാൽ അർബുദരോഗത്തെ തുടർന്ന് ബിമലും അകാലത്തിൽ വിട്ടുപിരിയുകയായിരുന്നു. ഇവർ നടത്തിയ രാഷ്ട്രീയ ഇടപെടലുകളുടെ തുടർച്ചയാവുക എന്നതാണ് ലോകത്ത് എവിടെയും ജീവിക്കുന്ന ഇടതുപക്ഷ സഹയാത്രികർ ഏറ്റെടുക്കേണ്ട കടമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രജീഷ് ഒഞ്ചിയം അധ്യക്ഷത വഹിച്ചു. കെ.പി. ബിനു കുമാർ, സജിത്ത് വെള്ളികുളങ്ങര എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നൗക ബഹ്റൈൻ സെക്രട്ടറി അനീഷ് സ്വാഗതവും മഹേഷ് പുത്തോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.