മനാമ: ഈദുൽ അദ്ഹ അവധിക്കാലത്ത് ബഹ്റൈനിൽ ടൂറിസം രംഗത്ത് കുതിപ്പ്. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെയും ഹോട്ടൽ താമസക്കാരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. സ്വകാര്യ മേഖലയുമായുള്ള ഗവൺമെന്റിന്റെ മികച്ച സഹകരണമാണ് ടൂറിസം രംഗത്തെ കുതിപ്പിന് കാരണമെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിനോദസഞ്ചാരികൾ ഇത്തവണ ഈദ് അവധിക്കാലത്ത് ബഹ്റൈൻ സന്ദർശിച്ചു. ഹോട്ടൽ ബുക്കിങ്ങുകളിലെ കുതിച്ചുചാട്ടം ഇതിന് തെളിവാണ്. സൗദിയിൽനിന്ന് മാത്രം 1,163,552 സന്ദർശകരാണ് ബഹ്റൈനിൽ എത്തിയത്. 131,055 പേർ മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുമെത്തി. ഒരു സന്ദർശകൻ ദിവസം ശരാശരി 69.43 ബഹ്റൈൻ ദിനാർ രാജ്യത്ത് ചെലവഴിച്ചതായാണ് കണക്ക്.
ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി
ജി.സി.സി നിവാസികൾ അന്താരാഷ്ട്ര വിനോദയാത്രകൾക്ക് പകരം ബഹ്റൈൻ ലക്ഷ്യമായി തിരഞ്ഞെടുത്തത് കുതിപ്പിന് കാരണമായിട്ടുണ്ട്. അതിഥികളിൽ ഭൂരിഭാഗവും ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു. ഗൾഫ് എയറുമായും ഹോട്ടലുകൾ, റിസോർട്ടുകൾ, യാത്ര, ടൂറിസം ഏജൻസികളുമായും സഹകരിച്ച് ജി.സി.സിയിലെ കുടുംബങ്ങളെ ലക്ഷ്യമിട്ട് നൂതന പാക്കേജുകൾ ആരംഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രമോഷനൽ ശ്രമങ്ങളാണ് ടൂറിസം രംഗത്തിന് സഹായകമായത്.
രാജ്യത്തെ നിലവിലെ വിനോദസഞ്ചാര മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനൊപ്പം വൈവിധ്യമാർന്ന സേവനങ്ങൾ സഞ്ചാരികൾക്ക് നൽകുകയും ചെയ്യുന്നുണ്ട്. സന്ദർശകരുടെ പ്രതീക്ഷകൾ നിറവേറ്റുന്ന നൂതന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബഹ്റൈൻ മുൻപന്തിയിലാണെന്നും മന്ത്രി പറഞ്ഞു.
ഈദ് ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും ഷോകളും സംഘടിപ്പിച്ചു. സഞ്ചാരികളുടെ വൈവിധ്യമാർന്ന അഭിരുചികൾ നിറവേറ്റുന്നതിൽ ടൂറിസം രംഗം എന്നും ശ്രദ്ധിക്കുന്നുണ്ട്. ടൂറിസം മേഖലക്ക് ബഹ്റൈൻ വലിയ മുൻഗണനയാണ് നൽകുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) ടൂറിസം മേഖലയുടെ സംഭാവന വലുതാണ്. ഹോട്ടൽ മേഖലക്കും ഇത് വൻനേട്ടമാണ് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.