ആഡംബര ടൂർ പാക്കേജ് തട്ടിപ്പ്; പണം നഷ്ടമായത് നിരവധി പേർക്ക്, ഒന്നിച്ച് നേരിടാനൊരുങ്ങി ഇരകൾ

മനാമ: ആഡംബര ടൂർ പാക്കേജ് തട്ടിപ്പിനെതിരെ രംഗത്തിറങ്ങാനൊരുങ്ങി ഇരയായവരുടെ കൂട്ടായ്മ. തട്ടിപ്പ് സംഘത്തിന്‍റെ കെണിയികപ്പെട്ട് പണം നഷ്ടമായവരെ ഒന്നിപ്പിച്ചാണ് കൂട്ടായ്മ മുന്നോട്ട് പോവാനൊരുങ്ങുന്നത്. ഇതിനോടകം പണം നഷ്ടമായ നിരവധി പേരാണ് വിവരമറിഞ്ഞ് മുന്നോട്ട് വന്നത്.

100 മുതൽ 1000 ദീനാർ വരെ നഷ്ടപ്പെട്ടവരുണ്ടെന്നാണ് കണ്ടെത്തൽ. ആകെ എത്ര തുക സംഘം തട്ടിയെന്നതിന് ശരിയായ കണക്കുകൾ ലഭിച്ചിട്ടില്ല. ഇതിനോടകം ഇരയായവർ ഓരോരുത്തരും വ്യക്തിഗത കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിന്‍റെ ബാക്കി ഭാഗം ഒരുമിച്ച് കൊണ്ടുപോകാനാണ് ലക്ഷ്യം. പൊലീസ് സ്റ്റേഷൻ, ബ്ഹറൈൻ ടൂറിസം, ഇന്ത്യൻ കേന്ദ്ര വിദേശ കാര്യ മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേരള-കർണാടക മുഖ്യമന്ത്രിമാർ, പ്രവാസി ലീഗൽ സെൽ, കേരളത്തിലെ എം.പിമാർ എന്നിവർക്കും പരാതി രേഖാ മൂലം മെയിൽ വഴി അറിയിച്ചിട്ടുണ്ട്.

ഇന്ത്യ, യൂറോപ്പ്, സിങ്കപ്പൂർ, മലേഷ്യ തുടങ്ങി ലോകത്തിന്‍റെ പലയിടങ്ങളിലേക്കും ചെറിയ നിരക്കിൽ ടൂർ ഓഫർ ചെയ്തും വിമാന ടിക്കറ്റടക്കം നൽകാമെന്നും പറഞ്ഞാ‍യിരുന്നു ജനങ്ങളെ സംഘം ആകർഷിപ്പിച്ചിരുന്നത്. ആഢംബര ഹോട്ടലുകളിലെ താമസം, ടൂർ ഗൈഡ്, ഭക്ഷണം തുടങ്ങിയ ത്രസിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി വിശ്വസനീയമായ രൂപത്തിലാണ് ഓരോരുത്തരേയും സ്വാധീനിച്ചത്.

ഗുദൈബിയയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽസിന്‍റെ മറവിലാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. നിലവിൽ ആ സ്ഥാപനം അടഞ്ഞു കിടപ്പാണ്. സ്ഥാപനയുടമയെന്ന് കരുതുന്ന കർണാടക സ്വദേശി രാജ്യം വിട്ടതായാണ് ലഭിക്കുന്ന വിവരം. സംഘത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ മറ്റൊരു വ്യക്തിയെക്കുറിച്ചും പിന്നീട് വിവരങ്ങളൊന്നുമില്ല എന്നാണ് ഇരയായവർ പറയുന്നത്.

ഇയാൾ വഴിയാണ് മലയാളികൾ അധികവും ഇതിൽ അകപ്പെട്ടത്. ഇരയായവരിൽ അധികവും മലയാളികളാണെങ്കിലും മറ്റ് സംസ്ഥാനത്തുള്ളവരും സമാന തട്ടിപ്പിനിരായായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അവധിക്കാല യാത്രകളെ മുന്നിൽ കണ്ടാണ് സംഘം രംഗത്തിറങ്ങിയത്. യു.എ.ഇയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പറയാനുള്ള മടികൊണ്ടോ മറ്റുള്ളവർ അറിയുന്നതിലെ പോരായ്മകളിലോ വിശ്വസിക്കുന്ന പലരും പ്രശ്നത്തെ അവഗണിക്കുന്നതായും ആക്ഷേപമുണ്ട്. 

Tags:    
News Summary - Tour package scam; Many people lost money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.