മനാമ: കഴിഞ്ഞ ആഴ്ചയിലെ പാർലമെന്റ് ചർച്ചയ്ക്കിടെയുണ്ടായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മൂന്ന് എം.പിമാർ ചൊവ്വാഴ്ചത്തെ സഭാ സമ്മേളനത്തിൽ പരസ്യമായി മാപ്പപേക്ഷിക്കും. ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുന്നബി സൽമാൻ, സർവീസ് കമ്മിറ്റി ചെയർമാൻ മംദൂഹ് അൽ സാലിഹ്, കമ്മിറ്റി അംഗം ഡോ. മഹ്ദി അൽ ഷുവൈഖ് എന്നിവരാണ് മാപ്പപേക്ഷയിൽ ഒപ്പുവെച്ചത്.
ജുഡീഷ്യൽ അതോറിറ്റി നിയമത്തിലെ ഭേദഗതികളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ നടത്തിയ പരാമർശങ്ങളിലും നിലപാടുകളിലുമാണ് ഇവർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടും ബഹ്‌റൈനിലെ ജനങ്ങളോടും ‘വ്യക്തമായ ക്ഷമാപണവും ആഴത്തിലുള്ള ഖേദവും’ രേഖപ്പെടുത്തിയത്. രാജാവിൻ്റെ നേതൃത്വത്തിൽ ബഹ്‌റൈന് പിന്നിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയ എംപിമാർ, രാജ്യത്തോടും നേതൃത്വത്തോടും തങ്ങളുടെ പൂർണ്ണമായ വിശ്വസ്തത ആവർത്തിച്ചു. ബഹ്‌റൈൻ്റെ പരമാധികാരത്തിനും സുസ്ഥിരതയ്ക്കും എതിരെ ഇറാൻ നടത്തുന്ന നീക്കങ്ങളെ ഇവർ ശക്തമായി അപലപിച്ചു.
രാജ്യത്തെ വഞ്ചിച്ചവർക്കും ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും അനുകൂല നിലപാട് സ്വീകരിച്ചവർക്കുമെതിരെ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് അവർ അറിയിച്ചു. ബഹ്‌റൈൻ എല്ലാവരും കാത്തുസൂക്ഷിക്കേണ്ട പവിത്രമായ ഉത്തരവാദിത്തമാണെന്നും രാജ്യത്തെ വഞ്ചിക്കുന്നവർക്ക് ഈ മണ്ണിൽ ജീവിക്കാൻ അർഹതയില്ലെന്നും ഇവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച രാവിലെ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിലായിരിക്കും എംപിമാരുടെ മാപ്പപേക്ഷ ഔദ്യോഗികമായി സമർപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.