മനാമ: മേഖലയിലുണ്ടായ സംഘർഷം മൂലമാണ് ഈ വർഷം ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ഫോർമുല 1 ബഹ്റൈൻ ഗ്രാൻഡ് പ്രീ വീണ്ടും നടത്താൻ ആലോചന. ചാമ്പ്യൻഷിപ്പിൽ ഈ വർഷം ആദ്യം റദ്ദാക്കിയ റേസുകളിൽ ഒന്ന് നടത്താനാണ് എഫ്1 അധികൃതർ തയ്യാറെടുക്കുന്നത്. ഈ വർഷം ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ബഹ്‌റൈൻ, സൗദി അറേബ്യൻ ഗ്രാന്റ് പ്രീ മത്സരങ്ങളാണ് ഗൾഫ് മേഖലയിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്നാണ് റദ്ദാക്കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബഹ്‌റൈൻ ഗ്രാന്റ് പ്രീ വീണ്ടും വരാൻ സാധ്യതയുണ്ടെന്ന് എഫ്1 സി.ഇ.ഒ സ്റ്റെഫാനോ ഡൊമിനിക്കാലി അറിയിച്ചു.
ബഹ്‌റൈൻ റേസ് തിരിച്ചുകൊണ്ടുവരുന്നത് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്നതിന്റെ വലിയൊരു സന്ദേശമായിരിക്കുമെന്ന് ഡൊമിനിക്കാലി സ്കൈ സ്പോർട്സിനോട് പറഞ്ഞു. സാഹചര്യം അനുകൂലമാണെങ്കിൽ റേസുകൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 2 മുതൽ 4 വരെ അസർബൈജാൻ, സിംഗപ്പൂർ റേസുകൾക്കിടയിലുള്ള സമയത്താണ് ബഹ്‌റൈൻ റേസ് സംഘടിപ്പിക്കാൻ സാധ്യതയുള്ളത്. എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ജൂലൈ 26-ന് നടക്കുന്ന ഹംഗേറിയൻ ഗ്രാന്റ് പ്രീക്ക് ശേഷമുള്ള വേനലവധിക്ക് മുമ്പായി തന്നെ എടുക്കേണ്ടതുണ്ട്.
സീസണിലെ അവസാന മത്സരങ്ങളായ ഖത്തർ, അബുദാബി ഗ്രാന്റ് പ്രീ മത്സരങ്ങൾ നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന കാര്യത്തിൽ താൻ ശുഭാപ്തിവിശ്വാസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 22 റേസുകൾ ഉൾക്കൊള്ളുന്ന 2026 ഫോർമുല 1 കലണ്ടറിൽ ബഹ്‌റൈൻ റേസ് കൂടി ഉൾപ്പെടുത്തിയാൽ ആകെ മത്സരങ്ങളുടെ എണ്ണം 23 ആയി ഉയരും. നിലവിൽ മെഴ്‌സിഡസ് ടീമിന്റെ ഇറ്റാലിയൻ താരം കിമി ആന്റോനെല്ലിയാണ് ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത്. നിലവിലെ സാഹചര്യത്തിൽ റേസുകൾ സുരക്ഷിതമായി സംഘടിപ്പിക്കാൻ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും എഫ്1 അധികൃതർ നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.