മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ നിയമലംഘകരാണെന്ന് കണ്ടെത്തിയ 256 പ്രവാസികളെ നാടുകടത്തി. ജൂണിൽ മാത്രം രാജ്യത്തുടനീളം ആകെ 5,130 പരിശോധനകളാണ് അതോറിറ്റി പൂർത്തിയാക്കിയത്. പരിശോധനകളിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 79 പേരെ പുതുതായി പിടികൂടുകയും ചെയ്തു. തൊഴിൽ നിയമങ്ങളും താമസ നിയമങ്ങളും ലംഘിക്കുന്നവരെ കണ്ടെത്താനാണ് കർശന പരിശോധനകൾ നടന്നത്. കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി 4,978 കടകളിൽ നേരിട്ടുള്ള പരിശോധനകൾ നടന്നു. ഇതിനു പുറമെ 152 സംയുക്ത പരിശോധനാ ക്യാമ്പെയ്‌നുകളും സംഘടിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, അതത് ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകൾ, വ്യവസായ-വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ സംയുക്ത നടപടികൾ. തൊഴിൽ വിപണിയുടെ സുസ്ഥിരതയെ ബാധിക്കുന്ന ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളെയും നേരിടാൻ സർക്കാർ ഏജൻസികളുമായി ചേർന്ന് പരിശോധനകൾ വരും മാസങ്ങളിലും കർശനമായി തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. നിയമവിരുദ്ധമായ തൊഴിൽ രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, 17506055 എന്ന നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ 'തവാസുൽ' സംവിധാനം വഴിയോ പൊതുജനങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.