അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളക്ക് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലും പുറവും, ഒമാൻ ഇൻകാസ് നേതാവ് സജി ഔസേപ്പും ആദരാഞ്ജലികൾ അർപ്പിക്കുന്നു. തെന്നലബാലകൃഷ്ണപിള്ളയുടെ ബന്ധുവും മുൻ ഒ.ഐ.സി.സി / ഇൻകാസ് ചെയർമാനുമായ കുമ്പളത്തു ശങ്കരപിള്ള സമീപം
മനാമ: മുതിർന്ന കോൺഗ്രസ് നേതാവും, മുൻ കെ.പി.സി.സി പ്രസിഡന്റ്, എം.പി, എം.എൽ.എ എന്നീ നിലകളിൽ കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി ത്യാഗപൂർണമായ ജീവിതം നയിച്ച നേതാവ് ആയിരുന്നു തെന്നല ബാലകൃഷ്ണപിള്ള എന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മറ്റി അനുസ്മരിച്ചു. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക് ഏറ്റവും വലിയ വിജയം സമ്മാനിച്ച നേതാവെന്ന് എക്കാലവും അദ്ദേഹം സ്മരിക്കപ്പെടും.
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോളും തനിക്ക് ലഭിച്ച കുടുംബസ്വത്തിന്റെ ഭാഗം വിറ്റ് പൊതുപ്രവർത്തനം നടത്തിയ നേതാവ് ആയിരുന്നു അദ്ദേഹം. തന്റെ സ്വത്തിൽ ബഹുഭൂരിഭാഗവും പ്രസ്ഥാനത്തിന് വേണ്ടി ചെലവഴിച്ച മഹാനായ നേതാവ് ആയിരുന്നു തെന്നലബാലകൃഷ്ണപിള്ള. താൻ വിശ്വസിച്ച പ്രസ്ഥാനത്തിൽ നിന്ന് തിക്തഫലം ഉണ്ടായപ്പോളും പ്രസ്ഥാനത്തിന് തന്റെ ഭാഗത്തുനിന്ന് ഒരു പോറൽ പോലും ഏൽക്കാതെ, എല്ലാം ഉള്ളിൽ അടക്കി യഥാർത്ഥ കോൺഗ്രസ് പ്രവർത്തകനായി, അണികൾക്ക് ഉത്തമനേതാവായി പ്രവർത്തിച്ച മഹാനായ നേതാവ് ആയിരുന്നു തെന്നലബാലകൃഷ്ണപിള്ള.
പുതിയ തലമുറയിൽ സ്ഥാനമാനങ്ങളോ, അധികാരമോ ലഭിക്കാതെ വരുമ്പോൾ പാർട്ടിയെ പുലഭ്യം പറഞ്ഞു, പ്രസ്ഥാനത്തിൽനിന്ന് പുറത്ത് പോയി, അത് വരെ ലഭിച്ചത് എല്ലാം മറന്ന് കൊണ്ട് പ്രവർത്തിക്കുന്ന നേതാക്കൾക്ക് തെന്നല ബാലകൃഷ്ണപിള്ളയുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ പോയത് കൊണ്ടാണ്. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറക്ക് മാതൃക ആക്കാവുന്ന, പ്രവർത്തന മികവ് കൊണ്ടും, ലളിതമായ ജീവിതംകൊണ്ടും എല്ലാ ആളുകളുടെയും ആദരവും, സ്നേഹവും പിടിച്ചു പറ്റാൻ സാധിച്ച നേതാവ് ആയിരുന്നു എന്ന് ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.