മനാമ: സുസ്ഥിര ഊർജ പദ്ധതികൾ വ്യാപിപ്പിക്കുന്നത് ശക്തമാക്കുമെന്ന് വൈദ്യുതി, ജലകാര്യ മന്ത്രി യാസിർ ബിൻ ഇബ്രാഹിം ഹുമൈദാൻ വ്യക്തമാക്കി. സുസ്ഥിര ഊർജത്തിന്റെ പ്രത്യേകതകളും സ്റ്റോറേജ് ടെക്നോളജിക്കുമായുള്ള ജി.സി.സി സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര ഊർജ പദ്ധതി ക്രമപ്രവൃദ്ധമായി വർധിപ്പിക്കുന്നതിനുള്ള നയം നേരത്തേ തന്നെ ബഹ്റൈൻ കൈക്കൊണ്ടിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് ബഹ്റൈനിലും പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ഇന്ന് അത് വ്യാപകമാവുകയും ചെയ്തിട്ടുണ്ട്. സൗരോർജ മേഖലയിൽ വിവിധ രാജ്യങ്ങളും കമ്പനികളുമായി ചർച്ചകൾ നടക്കുകയും അതനുസരിച്ച് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യുന്നതിലും ബഹ്റൈൻ മുൻപന്തിയിലാണ്. ജി.സി.സി സാങ്കേതിക സമിതിയുടെ പ്രവർത്തനം ശക്തമായി തുടരുന്നതിൽ മന്ത്രി ആശംസകൾ നേർന്നു.
ജൂലൈ 10 മുതൽ 13 വരെ ബഹ്റൈനിലായിരുന്നു യോഗം ചേർന്നത്. സുസ്ഥിര വികസന വഴിയിലെ പ്രധാന ചുവടുവെപ്പാണ് സുസ്ഥിര ഊർജ പദ്ധതികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർബൺ ബഹിർഗമനം കുറക്കുന്നതിനും അതുവഴി പരിസ്ഥിതി സംരക്ഷിക്കുന്നതിനും ക്ലീൻ എനർജി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗരോർജ മേഖലയിൽ അംഗരാജ്യങ്ങളിലെ പ്രവർത്തന പുരോഗതിയും സമിതി ചർച്ച ചെയ്തു. എല്ലാ രാജ്യങ്ങളും ഇക്കാര്യത്തിൽ ഏറെ താൽപര്യപൂർവം പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.