‘സ്റ്റാർസ് ഇൻ ദ ഡാർക്നസ്’ സിനിമയുടെ പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ
സമ്മേളനത്തിൽനിന്ന്
മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ ‘സ്റ്റാർസ് ഇൻ ദ ഡാർക്നസ്’ തിരുവനന്തപുരത്ത് പ്രദർശനത്തിനെത്തുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷന്റെ (കെ.എസ്.എഫ്.ഡി.സി) ആഭിമുഖ്യത്തിലാണ് പ്രദർശനം.
കേരളത്തിലെ സമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ 2025 ഏപ്രിൽ 26ന് നടക്കുന്ന പ്രദർശനത്തിന്റെ ഭാഗമാകും. മനാമയിലെ എപിക്സ് തിയറ്ററിന്റെ ഏപ്രിൽ നാലിന് രണ്ട് സ്ക്രീനുകളിലായി പ്രദർശിപ്പിച്ച സിനിമക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിരുന്നത്. അതിനെ തുടർന്നാണ് കേരളത്തിലും പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.
ഇടത്തൊടി കെ. ഭാസ്കരൻ ‘ലിൻസ മീഡിയ’യുടെ സഹകരണത്തോടെ പൂർണമായും ബഹ്റൈനിൽ ചിത്രീകരിച്ച ഹൃസ്വ ചിത്രമാണ് ‘സ്റ്റാർസ് ഇൻ ദ ഡാർക്നസ്’. സിനിമ വീണ്ടും ബഹ്റൈനിൽ പ്രദർശിപ്പിക്കാനാണ് പിന്നണി പ്രവർത്തകരുടെ ആഗ്രഹം. അതിനുള്ള ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
ബഹ്റൈൻ പ്രവാസിയായ ഗായികയും എഴുത്തുകാരിയും കലാകാരിയുമായ ലിനി സ്റ്റാൻലിയാണ് രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ റേഡിയോ, ടെലിവിഷൻ, സ്റ്റേജ് ഷോ അവതാരകനും, നാടക, ചലച്ചിത്ര നടനുമായ ബഹ്റൈൻ പ്രവാസി വിനോദ് നാരായണൻ, സോഷ്യൽ മീഡിയയിൽ സജീവമായ സമിത എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം ബഹ്റൈനിൽ നിന്നുമുള്ള 40ലധികം ആർട്ടിസ്റ്റുകൾ വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
കേരളത്തിലെ ചലച്ചിത്ര സീരിയൽ രംഗത്ത് അണിയറ പ്രവർത്തകനായിരുന്ന വിനോദ് ആറ്റിങ്ങൽ, ബഹ്റൈൻ പ്രവാസിയായ സ്റ്റാൻലി തോമസ് എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടിവുകളായി പ്രവർത്തിച്ചത്. സിനിമാറ്റോഗ്രഫി, എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്തത് ബഹ്റൈൻ സിനിമാ രംഗത്ത് സുപരിചിതനായ ജേക്കബ് ക്രിയേറ്റിവ് ബീസ് ആണ്. ഗാനങ്ങൾ പാടിയിരിക്കുന്നത് പ്രജോദ് കൃഷ്ണ, ശ്രീഷ്മ ജിലീബ് എന്നിവരാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ത്രിമാന സാങ്കേതിക വിദ്യ കൈകാര്യം ചെയ്തിരിക്കുന്നത് തിരുവനന്തപുരം മായൻസ് സ്റ്റുഡിയോയിലെ അരുൺ, ബിബിൻ എന്നിവരാണ്.
പ്രീമിയർ ഷോ അനുബന്ധിച്ച് നടന്ന പരിപാടികളിൽ ചലച്ചിത്ര നാടക പ്രതിഭ എം.ആർ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.