ബഹ്റൈൻ കേരളീയ സമാജം ശ്രാവണം 2025 ഓണാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഓണാഘോഷ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽനിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2025ന് നാന്ദികുറിച്ചുകൊണ്ടുള്ള ഓണവിളംബരവും കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും യുനീക്കോ ചീഫ് ഓപറേറ്റിങ് ഓഫിസർ ജയശങ്കർ വിശ്വനാഥനും പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്ന് നിർവഹിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനർ വർഗീസ് ജോർജ്, ജോ.കൺവീനർമാരായ ഹരികൃഷ്ണൻ, നിഷ ദിലീഷ്, രാജേഷ് കെ.പി, അഭിലാഷ് വേളുക്കൈ എന്നിവരോടൊപ്പം മറ്റു സമാജം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും ശ്രാവണം 2025 കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓഫസ് ഉദ്ഘാടനത്തിനുശേഷം സമാജം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾക്ക് പ്രോഗ്രാം കൺവീനർ സനൽകുമാർ, ജോ. കൺവീനർ രമ്യ ബിനോജ് എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 22ന് പിള്ളേരോണത്തിലൂടെ ആരംഭിക്കുന്ന ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ മൂന്നിന് നടക്കുന്ന ഓണസദ്യ വരെ നീളും. ഒന്നര മാസത്തോളം നീളുന്ന വിവിധ ആഘോഷ പരിപാടികളാണ് ശ്രാവണം 2025ന്റെ ഭാഗമായി നടക്കുന്നത്. കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികൾ ബഹ്റൈനിലെ മുഴുവൻ പ്രവാസി മലയാളികൾക്കും പങ്കെടുക്കാനും ആസ്വദിക്കാനും ആവുന്ന നിലയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
പിള്ളേരോണത്തെത്തുടർന്ന് രാജ് കലേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന രുചിമേള അരങ്ങേറും. സെപ്റ്റംബർ ഒന്നാം തീയതി നടക്കുന്ന കൊടിയേറ്റത്തോടെ ഓണാഘോഷ പരിപാടികൾക്ക് ഒദ്യോഗിക തുടക്കമാകും. തുടർന്ന് വിവിധ കലാ കായിക മത്സരങ്ങൾക്ക് സമാജം വേദിയാകും. ബഹ്റൈനിലെ മുഴുവൻ പ്രവാസികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു. പ്രശസ്ത ഗായകരായ ചിത്രയും മധു ബാലകൃഷ്ണനും നേതൃത്വം നൽകുന്ന ഗാനമേള, ആര്യ ദയാൽ, സച്ചിൻ വാര്യർ ആൻഡ് ടീം അവതരിപ്പിക്കുന്ന ബാൻഡ്, പന്തളം ബാലൻ നേതൃത്വം നൽകുന്ന ഗാനമേള, തുടങ്ങിയവ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.ബഹ്റൈൻ കേരളീയ സമാജം വനിതവേദി അവതരിപ്പിക്കുന്ന നാടകീയ നൃത്ത ശിൽപം - വിന്ധ്യാവലി, മെഗാ തിരുവാതിര എന്നിവ ശ്രാവണം 2025 ന്റെ ഭാഗമായി അരങ്ങേറും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നാം തീയതി നടക്കുന്ന ഓണസദ്യയോട് കൂടി ശ്രാവണം 2025 സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ശ്രാവണം 2025 കൺവീനർ വർഗീസ് ജോർജിനെ (39291940) ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.