മതസ്വാതന്ത്ര്യ, വിശ്വാസ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി
ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സംസാരിക്കുന്നു
മനാമ: വിവിധ മതങ്ങൾ തമ്മിലുള്ള സൗഹാർദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്നതിന് സംഘടിപ്പിച്ച മതസ്വാതന്ത്ര്യ, വിശ്വാസ സമ്മേളനം വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. മതങ്ങളോടും വിശ്വാസങ്ങളോടും സംസ്കാരങ്ങളോടുമുള്ള സഹിഷ്ണുതയും സഹവർത്തിത്വവും ബഹുമാനവും ബഹ്റൈൻ മൂല്യങ്ങൾ വേരൂന്നിയതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പ്രാദേശിക വ്യാപാര കേന്ദ്രമെന്ന നിലയിലെ ദീർഘകാല അനുഭവത്തിൽനിന്ന്, എല്ലാ മതങ്ങളും സമൂഹങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സംവാദത്തിന്റെയും പ്രധാന്യത്തെക്കുറിച്ച് ബഹ്റൈനികൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. 2021ൽ ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ തുറന്നതും മസ്ജിദുകൾ, ചർച്ചുകൾ, സിനഗോഗുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ സാന്നിധ്യവും രാജ്യത്തെ മതസ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്.
സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നിവ സംരക്ഷിക്കാനും സമാധാനത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കാനും ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണ്. എല്ലാ മതങ്ങളുമായും രാഷ്ട്രങ്ങളുമായും ബഹ്റൈൻ സഹകരണത്തിന് സന്നദ്ധമാണെന്നതിന്റെ തെളിവാണ് 2020 സെപ്റ്റംബറിൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടി.
ഭരണഘടന, ദേശീയ ചാർട്ടർ എന്നിവക്ക് അനുസൃതമായി മനുഷ്യാവകാശങ്ങളും പൊതുസ്വാതന്ത്ര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സർക്കാറിന്റെ താൽപര്യവും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.