ഫാസില ഖദീജ
ഓർമ തൻ ജാലകപ്പടിയിൽ പിടിച്ചു-
കൊണ്ടായമ്മ നോക്കിനിന്നു പാതയാകെ,
ചുറ്റും നിഴൽ വീണ പാതയോരത്തു നി-
ന്നാരോ വരുന്നുണ്ടെന്നോർത്ത് നിൽക്കേ,
തന്റെ മകന്റെ പ്രാണനിൽ നിന്നടരുന്ന
നിലാവല നീളെ പരന്ന പോലെ.
അമ്മ തൻ നെഞ്ചിലൂറുന്ന വാത്സല്യ-
പ്പീയുഷം നൊട്ടി നുകർന്നപോലെ
പെട്ടെന്നാ ഓർമതൻ ജാലകപ്പിടി വിട്ട്
എന്തോ ജൽപിക്കുന്നു തേങ്ങലോടെ,
ഇല്ല, വരില്ല ഇനിയെന്റെ ചാരത്തായ്
പ്രാണനിൽ പാഴ്മണി വീണുപോയി
ഇല്ല, കണ്ടില്ല നിൻ മന്ദസ്മിതത്താൽ
പൂക്കുന്ന പൂങ്കവിൾ പൊട്ടുപോലും
കാത്തിരിക്കുന്നു എന്നും നിനക്കായ്
കട്ട പിടിച്ചതാം വേപഥുവിൽ
ഉത്കണ്ഠ മുറ്റിയ കണ്ണാൽ കടംകൊണ്ടു
വാത്സല്യ ഹൃത്തിൻ കനവ് തേടി
എന്തേ കനം വയ്ക്കാൻ പാറുമീ ചിന്തകൾ
എന്തിനും മീതെ നിൻ ശോകമുഖം
എന്നും അമ്മയ്ക്കായി അന്തിത്തിരി വയ്ക്കേണ്ടോൻ
അമ്മേ തനിച്ചാക്കി പോന്നകന്നു..
എന്നും നിനക്കായ് ചുരത്തിയ പീയുഷം
തൂവിയതൊക്കെയും വ്യർഥമായോ?
പാതി തുറന്നിട്ട പൂമുഖ വാതിൽക്കൽ
ആരുടെ പൂമുഖം കാത്തിരിപ്പൂ...
എന്റെ ചുടലയിൽ കിളിർക്കുന്ന പുൽക്കൊടി-
ക്കളകളെപ്പറിച്ചു കളയേണ്ടോൻ
നീയുറങ്ങുന്ന മൺതിട്ടയിൽനിന്ന് ഞാനാ
പാഴ്ചെടി നുള്ളിക്കളയേണ്ടയോ?
ഇല്ല, ഞാൻ ചെയ്തിടാം എല്ലാം നിനക്കായ്
അദൃശ്യമാണെങ്കിലും നിന്നെ ഞാൻ കണ്ടിടാം
മന്ദമായൊഴുകുന്ന പുഴയോളങ്ങളിലും
അരുമയായ് തഴുകുന്ന പൂന്തെന്നലിലും
പൂന്തിങ്കൾ ചിരിക്കുന്ന വെണ്ണിലാ മാനത്ത്
മിന്നിത്തിളങ്ങുന്ന താരത്തിലും
കണ്ണിന്റെ കണിയായി കാത്തു വയ്ക്കാം
നീയാണതെന്നോർത്ത് നോക്കി നിൽക്കാം
മരിക്കാത്ത ഓർമകളായെന്നുമെന്നും...
(അകാലത്തിൽ പൊലിഞ്ഞുപോയ ആൺമക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ അമ്മമാർക്കും വേണ്ടി ഈ കവിത സമർപ്പിക്കുന്നു...)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.