മനാമ: ബഹ്‌റൈനിൽ വൈദ്യുതി ബിൽ ഇനത്തിൽ വലിയ തുക കുടിശ്ശികയുണ്ടെങ്കിലും, ‘ഫസ്റ്റ് അക്കൗണ്ട്’ വിഭാഗത്തിൽപ്പെട്ട ഒരു സ്വദേശി വീടിന്‍റെയും വൈദ്യുതി കണക്ഷൻ 2022 ഡിസംബറിന് ശേഷം വിച്ഛേദിച്ചിട്ടില്ലെന്ന് വൈദ്യുതി-ജല കാര്യ മന്ത്രാലയം അറിയിച്ചു. പ്രതിവർഷം വൈദ്യുതി ഉൽപ്പാദനത്തിനും വിതരണത്തിനുമായി ഏകദേശം 550.8 ദശലക്ഷം ദീനാറാണ് ചെലവാകുന്നത്.

യഥാർത്ഥ ചെലവും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം നികത്താൻ സർക്കാർ പ്രതിവർഷം 175 ദശലക്ഷം ദീനാർ സബ്‌സിഡിയായി നൽകി വരുന്നു. സ്വദേശി വീടുകൾക്ക് വൈദ്യുതി എത്തിക്കാൻ 182.9 ദശലക്ഷം ദീനാർ ചെലവാകുമ്പോൾ, ബിൽ ഇനത്തിൽ ലഭിക്കുന്നത് വെറും 41.3 ദശലക്ഷം ദീനാർ മാത്രമാണ്. ബാക്കി 142 ദശലക്ഷം ദീനാറും സർക്കാർ സഹായമാണെന്നും മന്ത്രാലയം അറിയിച്ചു.

വിവിധ വിഭാഗങ്ങളിലായി ആകെ 84 ദശലക്ഷം ദീനാർ കുടിശ്ശികയുണ്ട്. അതിൽ സ്വദേശി വീടുകളിൽ നിന്ന് 34.6 ദശലക്ഷം ദീനാറാണ് ലഭിക്കാനുള്ളത്. മറ്റുള്ളവ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നാണ്. ഈ ഇനത്തിൽ പ്രവാസികളുടെ താമസസ്ഥലങ്ങളിൽ നിന്ന് 1.6 ദശലക്ഷം ദീനാറും ലഭിക്കാനുണ്ട്.

2022 ഡിസംബർ മുതൽ 2026 നവംബർ വരെയുള്ള കാലയളവിൽ 15,554 കേസുകളിൽ കണക്ഷൻ വിച്ഛേദിച്ചിട്ടുണ്ട്. ഇതിൽ വാണിജ്യ സ്ഥാപനങ്ങളും പ്രവാസികളുടെ താമസസ്ഥലങ്ങളും ഉൾപ്പെടുന്നു. എന്നാൽ മുൻഗണനാ വിഭാഗത്തിലുള്ള സ്വദേശി വീടുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബിൽ അടയ്ക്കാൻ പ്രയാസപ്പെടുന്നവർക്കായി ഗഡുക്കളായി പണമടയ്ക്കാനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. കണക്ഷൻ വിച്ഛേദിക്കുന്നതിന് മുമ്പായി 53 ദിവസത്തിനുള്ളിൽ 6 തവണയെങ്കിലും ഉപഭോക്താക്കൾക്ക് ഔദ്യോഗിക അറിയിപ്പുകൾ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - 84 million dinars in electricity bill arrears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.