മനാമ: ബഹ്‌റൈൻ അതിന്റെ ആധുനികതയിലേക്ക് കണ്ണ് തുറക്കുന്നതിനും മുൻപേ, ഒരു ഇലക്ട്രിക്കൽ ഡിപ്ലോമ സർട്ടിഫിക്കറ്റും വലിയ സ്വപ്നങ്ങളുമായി ഈ തീരത്തണഞ്ഞതാണ് മാവേലിക്കരക്കാരൻ എസ്.ജി. എബ്രഹാം. വിമാനങ്ങൾ ആകാശത്ത് അപൂർവ്വമായിരുന്ന, ബോംബെയിൽ നിന്ന് കപ്പൽ കയറി ഗൾഫിലെത്തുന്ന ആ പഴയ കാലത്തിന്റെ സാക്ഷ്യം. ഹജ്ജ് തിരക്കിൽ ഒരു മാസം ബോംബെയിൽ കാത്തുനിന്ന്, ഒടുവിൽ 1976 ജനുവരിയിൽ ബഹ്‌റൈൻ മണ്ണിൽ കാലുകുത്തുമ്പോൾ അതൊരു യുഗത്തിന്റെ തുടക്കമായിരുന്നു. അഞ്ചു പതിറ്റാണ്ടിനിപ്പുറം, ബഹ്‌റൈനിലെ മാർക്കറ്റിംഗ് മേഖലയിലെ അതികായനായി വളർന്ന്, പ്രവാസത്തിന്റെ സുവർണ അധ്യായം പൂർത്തിയാക്കി അദ്ദേഹം മടങ്ങുമ്പോൾ അതൊരു വ്യക്തിയുടെ മടക്കയാത്രയല്ല, മറിച്ച് ഒരു നാടിന്റെ വളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ച ഒരു വലിയ ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്.
അലി റാഷിദ് അൽ അമീൻ കമ്പനിയുടെ തുടക്കരൂപമായ മനാമയിലെ എക്സിബിഷൻ കോൾഡ് സ്റ്റോർ ആയിരുന്നു തുടക്ക കാലത്ത് അദ്ദേഹത്തിന്റെ കർമ്മഭൂമി. അമ്മാവന്റെ സുഹൃത്ത് നൽകിയ സഹായഹസ്തത്തിലൂടെ അവിടെ സെയിൽസ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച എസ്.ജി, തന്റെ അച്ചടക്കം കൊണ്ടും കഠിനാധ്വാനം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാനേജ്‌മെന്റിന്റെ വിശ്വസ്തനായി മാറി. പിന്നീട് മുഹറഖിൽ എക്സിബിഷൻ കോൾഡ് സ്റ്റോർ ശാഖ തുടങ്ങിയപ്പോൾ അതിൻ്റെ ചുമതലക്കാരനായി നിയോഗിച്ചത് എസ്.ജി എബ്രഹാമിനെ ആയിരുന്നു.
പ്രവാസലോകത്ത് ജോലി മാറുന്നത് ഒരു സാധാരണ കാര്യമായിരിക്കെ, ഒരേ സ്ഥാപനത്തിൽ തന്നെ തുടർച്ചയായി 50 വർഷം സേവനമനുഷ്ഠിച്ചു എന്നത് അപൂർവ്വവും വിസ്മയിപ്പിക്കുന്നതുമായ നേട്ടമാണ്.
നാട്ടിൽ ഇലക്ട്രിക്കൽ ഡിപ്ലോമ കോഴ്സ് പാസായപ്പോൾ ഉദിച്ച പേർഷ്യൻ മോഹം സഫലമായത് ബഹ്റൈനിൽ ജോലികിട്ടിയപ്പോഴാണ്. തുടക്കം മുതൽ ഒരു കുടുംബാംഗത്തെപ്പോലെയുള്ള പരിഗണനയാണ് എസ്.ജി എബ്രഹാമിന് അലി റാഷിദ് അൽ അമീനിൽ നിന്നും കുടുംബത്തിൽനിന്നും ലഭിച്ചത്. ബഹ്റൈനിൽ ജോലി ആരംഭിച്ചതിനു ശേഷം മാർക്കറ്റിങ് രംഗത്ത് കൂടുതൽ അറിവ് നേടാൻ യു.കെയിൽനിന്ന് എം.ബി.എ ബിരുദവും സ്വന്തമാക്കുകയും അത് അദ്ദേഹത്തിന്റെ ഔദ്യോഗിക വളർച്ചയ്ക്ക് സഹായകമാവുകയും ചെയ്തു. ആസ്ട്രേലിയ, ഈജിപ്ത്, ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്‌സ്, യു.കെ, ജർമനി, ഫ്രാൻസ്, തുർക്കി, ശ്രീലങ്ക, ഫിലിപ്പീൻസ്, മലേഷ്യ, തായൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ജോലി ആവശ്യാർഥം അദ്ദേഹം സന്ദർശനം നടത്തി.
കമ്പനിയിൽ ദീർഘകാലം സെയിൽസ് ആൻഡ് മാർക്കറ്റിങ് ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചാണ് വിരമിക്കുന്നത്. കമ്പനിയുടെ സ്ഥാപക ചെയർമാനായിരുന്ന പരേതനായ അലി റാഷിദ് അൽ അമീൻ അദ്ദേഹത്തിന് ഒരു പിതാവിനെപ്പോലെയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ഒരു ചെറിയ സൂപ്പർമാർക്കറ്റിൽ നിന്ന് ബഹ്‌റൈനിലെ പ്രമുഖ വിതരണ കമ്പനികളിലൊന്നായി ഈ സ്ഥാപനം വളർന്നതിൽ എബ്രഹാം നേർ സാക്ഷിയാണ്. നിലവിലെ ചെയർമാൻ റാഷിദ് അൽ അമീന്റെ കീഴിലും അദ്ദേഹം അതേ വിശ്വസ്തതയോടെ തുടരുകയായിരുന്നു.
ബഹ്റൈനിൽ ഇന്ന് കാണുന്ന വികസനമോ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് ഇവിടെ എത്തിയതാണ് എസ്.ജി എബ്രഹാം. അക്കാലത്ത് വീടുകളിൽ എ.സി ഇല്ലായിരുന്നു. രാത്രി വീടിൻ്റെ ടെറസിലായിരുന്നു കിടപ്പ്. എല്ലാ വീടുകളുടെയും ടെറസിൽ പ്ലൈവുഡ് കൊണ്ട് കട്ടിൽ പോലെയുണ്ടാക്കി മുകളിൽ ചെറിയൊരു പന്തലും കെട്ടി അതിനുള്ളിലാണ് ആളുകൾ രാത്രി കിടന്നിരുന്നത്. പിന്നീടാണ് എ.സിയും മറ്റ് സൗകര്യങ്ങളും എത്തിയതെന്ന് എബ്രഹാം ഓർക്കുന്നു. ‘ഗൾഫ് മാധ്യമ’ത്തിന്‍റെ സ്ഥിരം വായനക്കാരൻ കൂടിയാണ് അദ്ദേഹം. തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യ മോളിയും മക്കളായ ജിഞ്ചു, ജിനു, ജീന, ജെമി എന്നിവരാണെന്നും അദ്ദേഹം സ്മരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.