മനാമ: കഴിഞ്ഞ മാസം സഹ്ല അവന്യൂവിൽ മൂന്ന് പ്രവാസികളുടെ മരണത്തിന് കാരണമായ അപകടത്തിൽ പ്രതിയായ ഡെലിവറി ഡ്രൈവർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. റോഡിലൂടെ വരികയായിരുന്ന കാറിന് മുന്നിലേക്ക് പെട്ടെന്ന് മോട്ടോർ സൈക്കിൾ വെട്ടിച്ചുകയറ്റിയതാണ് അപകടത്തിന് കാരണമായത്. ബൈക്കിലിടിക്കാതിരിക്കാൻ കാർ ഡ്രൈവർ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം വിടുകയും പ്ലാറ്റ്‌ഫോമിലൂടെ നടക്കുകയായിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.
തുടർന്ന് കാർ സമീപത്തെ ചുവരിലും പാർക്ക് ചെയ്തിരുന്ന ബസിലും ഇടിച്ചാണ് നിന്നത്. കാർ ഓടിച്ചിരുന്ന ബഹ്‌റൈൻ സ്വദേശിക്കും ഗുരുതരമായ പരിക്കേറ്റു. ആദ്യഘട്ടത്തിൽ കാർ ഡ്രൈവറാണ് പ്രതിയെന്ന് കരുതിയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടത്തിന് കാരണമായത് ഡെലിവറി ഡ്രൈവറുടെ നിയമലംഘനമാണെന്ന് കണ്ടെത്തിയത്. മാർച്ച് 14ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മൂന്ന് റസ്റ്റാറന്‍റ് ജീവനക്കാരാണ് മരിച്ചത്.
ബംഗ്ലാദേശ് സ്വദേശിയായ സുന്ദർ മിയ (43), പാകിസ്താൻ സ്വദേശിയായ മുഹമ്മദ് ഇദ്‌രീസ് (38), ഇന്ത്യൻ സ്വദേശിയായ മീർ എംദാദുൽ ഇസ്‌ലാം (24) എന്നിവരാണ് മരിച്ചത്. സുന്ദർ മിയയും ഇദ്‌രീസും സംഭവസ്ഥലത്തും, എംദാദുൽ ഇസ്‌ലാം സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. റമദാൻ സമയമായതിനാൽ പുലർച്ചെ അത്താഴം കഴിക്കാൻ വീട്ടിലെത്താനുള്ള ധൃതിയിലാണ് താൻ ഷോർട്ട് കട്ട് എടുത്തതെന്ന് ബംഗ്ലാദേശിയായ പ്രതി കോടതിയിൽ പറഞ്ഞു.
എന്നാൽ തന്റെ പ്രവൃത്തി മൂലം ഇത്ര വലിയൊരു അപകടം ഉണ്ടായതായി താൻ അറിഞ്ഞില്ലെന്നും അതുകൊണ്ടാണ് നിർത്താതെ പോയതെന്നും ഇയാൾ വാദിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ, പരിക്കേറ്റവരെ സഹായിക്കാതെ കടന്നുകളയൽ, അപകട വിവരം പൊലീസിനെ അറിയിക്കാതിരിക്കൽ, എതിർദിശയിൽ വാഹനം ഓടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിങ്ങനെ ഏഴോളം ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഏപ്രിൽ 28ന് കോടതി വിധി പ്രസ്താവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.