സമുദ്ര സുരക്ഷ ആഗോള ഉത്തരവാദിത്തം; മനാമ ഡയലോഗിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
മനാമ: സമുദ്രങ്ങൾ പൊതുസ്വത്താണെന്നും അവയുടെ സുരക്ഷ ഉറപ്പാക്കുന്നത് ആഗോളതലത്തിലുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. സമുദ്രപാതകളുടെ സുരക്ഷിതത്വം നിലവിൽ വലിയ വെല്ലുവിളി നേരിടുകയാണെന്ന് ഐ.ഐ.എസ്.എസ് മനാമ ഡയലോഗിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
11,000 കിലോമീറ്ററിലധികം തീരദേശവും ആഗോള വ്യാപാരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയുമുള്ള ഇന്ത്യയ്ക്ക് സമുദ്ര സുരക്ഷ അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ പ്രധാന ഊർജ്ജ സ്രോതസ്സും പ്രമുഖ വ്യാപാര പങ്കാളിയുമായ പശ്ചിമേഷ്യ, ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ ആശ്രിത ഇടം കൂടിയാണ്. സംഘർഷ സമയങ്ങളിലും ഹുർമുസ്, ബാബ് അൽ മന്ദബ് തുടങ്ങിയ പ്രധാന സമുദ്രപാതകൾ തടസ്സമില്ലാതെ തുറന്നു കിടക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ചെങ്കടലിലും ഏഡൻ ഉൾക്കടലിലും സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ ഈ സ്ഥിതി എത്ര വേഗത്തിൽ മാറാമെന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൂഡ് ഓയിൽ, എൽ.എൻ.ജി, എൽ.പി.ജി എന്നിവയുടെ വിലവർധന വികസ്വര രാജ്യങ്ങളിലെ ഗതാഗതം, വൈദ്യുതി, വളം, ഗാർഹിക ബജറ്റുകൾ എന്നിവയെ പ്രതികൂലമായി ബാധിക്കും. സമുദ്രപാതകളിൽ ആക്രമണങ്ങളും തടങ്കലുകളും നേരിടേണ്ടി വരുന്ന സാധാരണക്കാരായ നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. കപ്പൽ ഗതാഗതത്തിന്റെയും നാവികരുടെയും സുരക്ഷയ്ക്കായി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയും ലൈബീരിയയും ചേർന്ന് പ്രത്യേക കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുണ്ട്.
രാജ്യങ്ങൾ തമ്മിലുള്ള ഭിന്നതകളുടെ ആഘാതം സംഘർഷത്തിൽ പങ്കാളികളല്ലാത്ത മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കരുത്. അന്താരാഷ്ട്ര സമുദ്രനിയമം സംരക്ഷിക്കപ്പെടണം. സൈനിക അല്ലെങ്കിൽ നിയമപാലക സംവിധാനങ്ങൾക്ക് നയതന്ത്ര പരിഹാരങ്ങൾക്ക് പകരമാകാൻ കഴിയില്ലെന്നും തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ സുരക്ഷ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ‘സാഗർ’, ‘മഹാസാഗർ’, ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ് എന്നിവയിലൂടെ കൂടുതൽ വിപുലീകരിച്ചിട്ടുണ്ടെന്ന് വിക്രം മിസ്രി വ്യക്തമാക്കി. 2025-27 കാലയളവിൽ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ അധ്യക്ഷപദം ഇന്ത്യ വഹിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിവരങ്ങളുടെ കൈമാറ്റം, ശേഷി വികസനം, പരസ്പര സഹകരണം എന്നിവയിലധിഷ്ഠിതമായ സമഗ്രമായ സമുദ്ര സുരക്ഷയ്ക്കാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.