22ാമത് ‘മനാമ ഡയലോഗ് 2026’; സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കണം: കിരീടാവകാശി

മനാമ: മേഖലയിലടക്കം തുടരുന്ന സംഘർഷങ്ങൾ പ്രധാന ചർച്ചാ വിഷയമാക്കി 22ാമത് ഐ.ഐ.എസ്‍.എസ് മനാമ ഡയലോഗ്. സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സുസ്ഥിരമായ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം അടിവരയിടുന്നതായിരുന്നു ചർച്ചകളും സംവാദങ്ങളും. അന്താരാഷ്ട്ര തലത്തിൽ സുപ്രധാനമായ ജലപാതകൾ സംരക്ഷിക്കുന്നതിനും ഹുർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ് കടലിടുക്ക് എന്നിവയിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും സംയുക്ത നീക്കങ്ങൾ ആവശ്യമാണെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.

പ്രാദേശികവും ആഗോളവുമായ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ നിലനിർത്താൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ ഫെബ്രുവരി 28 മുതൽ മേഖലയിലുണ്ടായ സംഘർഷങ്ങൾ വിശദമായി പരാമർശിക്കുന്ന ‘ദി ഗൾഫ് അറ്റ് വാർ’ എന്ന ഗവേഷണ റിപ്പോർട്ടും ഐ.ഐ.എസ്‍.എസ് പുറത്തുവിട്ടു. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനെതിരെ നടന്ന സൈനിക നടപടി ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയെയും സാമ്പത്തിക താത്പര്യങ്ങളെയും വൻതോതിൽ ബാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കി.

മേഖലയിൽ യുദ്ധം ഉണ്ടാക്കിയ ആഘാതങ്ങളും പ്രത്യാഘാതങ്ങളും വിശകലനം ചെയ്യുന്ന റിപ്പോർട്ട്, ജി.സി.സി രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ നയങ്ങൾ പുനഃപരിശോധിക്കേണ്ടതിന്റെയും പുതിയ പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കേണ്ടതിന്റെയും ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നതായിരുന്നു.

ഡയലോഗിന്‍റെ രണ്ടാം ദിനം വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ തങ്ങളുടെ നയം വ്യക്തമാക്കി ചർച്ചകളിൽ സംസാരിച്ചു. ഗൾഫ് മേഖലയുടെ സുരക്ഷ വിഭജിക്കാൻ കഴിയാത്തവിധം മിഡിൽ ഈസ്റ്റിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുലാത്തി വ്യക്തമാക്കി. ഏകപക്ഷീയ ഒരു തീരുമാനത്തിലൂടെ യുദ്ധം ആരംഭിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനോ അവസാനിപ്പിക്കാനോ ആർക്കും ഒറ്റയ്ക്ക് കഴിഞ്ഞെന്ന് വരില്ല, അതിനാൽ പുതിയ സൈനിക ക്രമീകരണങ്ങൾക്ക് പകരം രാഷ്ട്രീയവും നിയമപരവുമായ രീതികളിലൂടെ ചർച്ച ചെയ്ത് പ്രതിസന്ധികൾ തടയുന്ന രീതിയിലേക്ക് മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഗൾഫ് പങ്കാളിത്ത രാജ്യങ്ങളുടെ സുരക്ഷയ്ക്ക് വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവർത്തിയിലൂടെയും ഒപ്പം നിൽക്കുമെന്ന് ബ്രിട്ടൻ വിദേശകാര്യ സഹമന്ത്രി സ്റ്റീഫൻ ഡൗട്ടി വ്യക്തമാക്കി

ഇറാന്റെ കടന്നുകയറ്റങ്ങൾക്കും ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്കും എതിരെ ബഹ്‌റൈനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചായിരുന്നു ലെബനൻ വിദേശകാര്യ മന്ത്രി യൂസഫ് രാജ്ജി നിലപാട് വ്യക്തമാക്കിയത്.

മേഖലയിലെ സുരക്ഷ എല്ലാവരും പരസ്പരം മാനിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാകണമെന്ന് ജി.സി.സി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി. ഗൾഫ് മേഖലയെ ലക്ഷ്യമിട്ട് നടത്തുന്ന ഏതൊരു ആക്രമണത്തിനെതിരെയും ബഹ്‌റൈനും മറ്റ് ഗൾഫ് അയൽരാജ്യങ്ങൾക്കും ഒപ്പം സിറിയ തോൾചേർന്ന് നിൽക്കുമെന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസദ് ഹസൻ അൽ ഷൈബാനി പ്രഖ്യാപിച്ചു. മേഖലയിലുണ്ടായ ആക്രമണങ്ങളെയും അദ്ദേഹം ഉച്ചകോടിയിൽ കടുത്ത ഭാഷയിൽ അപലപിച്ചു.

ഒക്ടോബർ 30ന് ആരംഭിച്ച ഉച്ചകോടി ഇന്ന് അവസാനിക്കും. ഇന്ത്യയടക്കം 52 രാജ്യങ്ങിൽ നിന്നായി 600ൽ പരം പ്രതിനിധികളാണ് ഡയലോഗിൽ പങ്കെടുക്കനായെത്തിയത്. നയതന്ത്ര ബന്ധമില്ലാത്തതിനാൽ ഇത്തവണ ഇറാനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. അവസാന ദിവസമായ ഇന്ന് രാവിലെ 9.30 ഓടെ സെക്ഷനുകൾക്ക് തുടക്കമാകും. ഉച്ചക്ക് 1.30 ഓടെ സജ്ജമാക്കിയ ഭക്ഷണത്തോടെ ചടങ്ങിന് ഔദ്യോഗിക വിരാമമാകും.  

Tags:    
News Summary - 22nd Manama Dialogue 2026: Crown Prince Calls to Ensure Maritime Route Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.