ബഹ്‌റൈനിൽ പുതിയ ബജറ്റ് എയർലൈൻ സ്ഥാപിക്കാൻ എം.പിമാരുടെ നിർദേശം: ടിക്കറ്റ് നിരക്ക് കുറക്കാനും നീക്കം

മനാമ: സ്വകാര്യ മേഖലയുമായി സഹകരിച്ച് ബഹ്‌റൈനിൽ പുതിയ ബജറ്റ് എയർലൈൻ ആരംഭിക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. വിമാനക്കമ്പനികൾക്കിടയിലെ മത്സരം വർദ്ധിപ്പിക്കാനും ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് ലഭ്യമാകുന്ന രീതിയിൽ കുറയ്ക്കാനും പുതിയ വിനോദസഞ്ചാര വിപണികളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ വിമാനയാത്ര സാധ്യമാക്കുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്ന് സർവീസസ് കമ്മിറ്റി ചെയർമാൻ എംപി ഡോ. മുഹമ്മദ് അൽ ഉലൈവി പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ലോ-കോസ്റ്റ് എയർലൈൻ യാത്രക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനോടൊപ്പം രാജ്യത്തെ സ്വദേശികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. രാജ്യത്തെ മുൻനിര വിനോദസഞ്ചാര കേന്ദ്രമാക്കാനും പ്രാദേശിക യാത്രാ കവാടമാക്കി മാറ്റാനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിലെ ധനകാര്യ സമിതിയും പബ്ലിക് യൂട്ടിലിറ്റീസ് സമിതിയും ചേർന്ന സംയുക്ത കമ്മിറ്റി ഈ നിർദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചു.

നിർദ്ദേശത്തോട് പ്രതികരിച്ച ഗതാഗത, വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ബജറ്റ് എയർലൈൻ സർവീസുകൾ പ്രോത്സാഹിപ്പിക്കുന്ന നയം നിലവിലുണ്ടെന്ന് വ്യക്തമാക്കി.

മലേഷ്യൻ ബജറ്റ് എയർലൈനായ എയർ ഏഷ്യയുമായി സഹകരിച്ച് ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ വഴി കൂടുതൽ ചെലവുകുറഞ്ഞ സർവീസുകൾ ആരംഭിക്കുന്നതിനുള്ള ചർച്ചകളും നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ടൂറിസം മന്ത്രാലയം, ബഹ്‌റൈൻ എയർപോർട്ട് കമ്പനി, സ്വകാര്യ മേഖലയിലെ പങ്കാളികൾ എന്നിവരുമായി ചേർന്ന് രാജ്യത്തെ വ്യോമയാന, വിനോദസഞ്ചാര മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Bahrain Plans New Budget Airline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.