ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുലാത്തി മനാമഡയലോഗിൽ സംസാരിക്കുന്നു
സൈനിക നടപടികളിലൂടെയല്ല, സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ; ഈജിപ്ത് വിദേശകാര്യ മന്ത്രി
മനാമ: ഗൾഫ് മേഖലയുടെ സുരക്ഷ മിഡിൽ ഈസ്റ്റിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുലാത്തി വ്യക്തമാക്കിയത്. ഗൾഫ് സുരക്ഷ ഈജിപ്തിന്റെയും അറബ് ലോകത്തിന്റെയും ദേശീയ സുരക്ഷയുടെ അഭാജ്യ ഘടകമാണെന്നും മേഖലയിലുണ്ടാകുന്ന ആഘാതങ്ങൾ ആഗോള സ്ഥിരതയെ തകർക്കുമെന്നും ചർച്ചയിൽ സംസാരിച്ച് അദ്ദേഹം പറഞ്ഞു.
ഒരു ഏകപക്ഷീയ തീരുമാനത്തിലൂടെ യുദ്ധം ആരംഭിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനോ അവസാനിപ്പിക്കാനോ ആർക്കും ഒറ്റയ്ക്ക് കഴിയില്ല. അതിനാൽ കേവലം പുതിയ സൈനിക ക്രമീകരണങ്ങൾക്ക് പകരം രാഷ്ട്രീയവും നിയമപരവുമായ തീരുമാനങ്ങളിലൂടെ ചർച്ച് ചെയ്ത് പ്രശ്നങ്ങൾ തീർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നിയമവാഴ്ച, പ്രാദേശിക പങ്കാളിത്തം, പ്രതിരോധത്തോടുകൂടിയ നയതന്ത്രം, സുരക്ഷിതമായ സമുദ്ര ഗതാഗതം, ഫലസ്തീനിൽ ശാശ്വത പരിഹാരം തുടങ്ങിയ സുരക്ഷക്ക് ആവശ്യമായ അഞ്ച് പ്രധാന കാര്യങ്ങളും അദ്ദേഹം ഉച്ചകോടിയിൽ നിർദേശിച്ചു.
സുരക്ഷയും വികസനവും നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് അബ്ദുലാത്തി ചൂണ്ടിക്കാട്ടി. ജലം, ആഹാരം എന്നിവയുടെ സുരക്ഷയും ശക്തമായ ഭരണകൂട സ്ഥാപനങ്ങളും പ്രധാനമാണ്. 2025 സെപ്റ്റംബറിൽ അറബ് ലീഗ് അംഗീകരിച്ച ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ചർച്ചകൾ ആരംഭിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
സൈനിക നടപടികളിലൂടെയല്ല, മറിച്ച് നയതന്ത്രപരവും സമാധാനപരവുമായ ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു പുതിയ ലോകക്രമത്തെ വിലയിരുത്തേണ്ടത് അത് ജയിക്കുന്ന യുദ്ധങ്ങളുടെ എണ്ണം നോക്കിയല്ല, മറിച്ച് അത് തടയുന്ന യുദ്ധങ്ങളുടെ എണ്ണം നോക്കിയാണെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.