കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം സിവിൽ ഡിഫൻസ് സംഘം അണയ്ക്കുന്നു

ബഹ്റൈനെതിരെ അയവില്ലാതെ ആക്രമണം; യു.എ.ഇ സൈനികൻ കൊല്ലപ്പെട്ടു

മനാമ: ബഹ്റൈന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ യു.എ.ഇ സൈനികൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ബഹ്‌റൈൻ, യു.എ.ഇ സേനകളിലെ നിരവധി അംഗങ്ങൾക്ക് പരിക്കേറ്റതായും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. യു.എ.ഇ സായുധ സേനയിൽ ജോലി ചെയ്യുന്ന മൊറോക്കൻ പൗരനാണ് മരിച്ചത്. രാജ്യത്തിനെതിരെ വന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് സൈനികൻ വീരമൃത്യു വരിച്ചത്.

പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കവരുടെയും പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയ്ക്ക് ശേഷം പലരും ആശുപത്രി വിട്ടതായും അധികൃതർ വ്യക്തമാക്കി. ബാക്കിയുള്ളവർ നിലവിൽ നിരീക്ഷണത്തിലാണ്. വീരമൃത്യു വരിച്ച സൈനികന്‍റെ കുടുംബത്തോടും യു.എ.ഇ സായുധ സേനയോടും ബഹ്‌റൈൻ ജനറൽ കമാൻഡ് അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്‍റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള സംയുക്ത നീക്കങ്ങൾക്കിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. രാജ്യത്തെ ലക്ഷ്യമാക്കി ഒന്നിലധികം ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്.

അതിലധികവും പ്രതിരോധ സേന വിജയകരമായി തടഞ്ഞിരുന്നു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ രാജ്യത്തെ ഒരു കമ്പനിയുടെ കെട്ടിടത്തിലും തീപിടുത്തമുണ്ടായി. പ്രദേശത്ത് പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് വിഭാഗം നിയന്ത്രണവിധേ‍യമാക്കുകയായിരുന്നു. സംഭവസ്ഥലത്ത് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ മൂന്ന് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒരു ബംഗ്ലാദേശ് പൗരനും മറ്റൊരു ബഹ്റൈനി വനിതയും കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ അസ്ഥിരമായി തുടരുന്ന സംഘർഷം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്ന നേർക്കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഇറാന്‍റെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നീക്കങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചിട്ടുണ്ട്.

ഇതുവരെ പ്രതിരോധിച്ചത് 454 ആക്രമണങ്ങൾ

ബഹ്‌റൈന് നേരെയുള്ള ഇറാന്‍റെ തുടർച്ചയായ ഭീകരാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് അറിയിച്ചു. അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി.

ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ പ്രതിരോധ സേന 153 മിസൈലുകളും 301 ഡ്രോണുകളും അടക്കം 454 ആക്രമണ ശ്രമങ്ങളെ നിർവീര്യമാക്കി.

ഇറാന്‍റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ പ്രകോപനങ്ങളെ അതീവ ജാഗ്രതയോടെയാണ് സൈന്യം നേരിടുന്നത്. രാജ്യത്തിന്‍റെ ആകാശം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ബി.ഡി.എഫ് ഉദ്യോഗസ്ഥർ കാട്ടുന്ന അസാധാരണമായ പോരാട്ടവീര്യത്തെയും സന്നദ്ധതയെയും ജനറൽ കമാൻഡ് പ്രശംസിച്ചു.

Tags:    
News Summary - Relentless attack on Bahrain; UAE soldier killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.