അത്തറിന്റെ മണം മാറി കാരക്കയുടെ രുചി നാവിലേക്കൂറുന്ന പുണ്യങ്ങളുടെ പൂക്കാലം. നോമ്പ് കാലമെത്തുമ്പോഴൊക്കെ ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് ഊളിയിടാറുണ്ട്. പത്ത് പതിനഞ്ച് കൊല്ലം പിറകിലേക്ക്. പറയത്തക്ക വിദൂരമല്ലെങ്കിലും ഓർമകളിൽ കുട്ടിക്കാലവും നോമ്പോർമകളും ഒന്ന് വേറെ തന്നെയാണ്. റമദാനെ വരവേൽക്കുന്നതിന്റെ മുന്നോടിയായി ശഅ്ബാൻ പിറവിയെടുക്കുമ്പോഴേക്കും നാട്ടിൻപുറത്തൊക്കെ നനച്ചുകുളിയുടെ തിരക്കാവും. വീട്ടിലെ സകല സാധനവും വെളിയിലേക്കിട്ട് തേച്ച് കഴുകും. പാറോത്തിന്റെ (തേരകം) ഇലയാണ് മരത്തിന്റെ സ്റ്റൂളും മേശയും പത്തായവുമെല്ലാം ഉരച്ചു കഴുകാനുപയോഗിക്കുക. മറ്റു പത്രങ്ങളെല്ലാം തേച്ചു വെളുപ്പിക്കാൻ വെണ്ണീറാണ് (ചാരം) എടുക്കുക. രണ്ട് മൂന്ന് ദിവസം കൊണ്ട് നനച്ചുകുളി അവസാനിക്കും.
നോമ്പ് കാലത്തേക്കുള്ള ഭക്ഷണസാധനങ്ങൾ തയാറാക്കലും അടുക്കിവെക്കലുമായിരിക്കും പിന്നീടുള്ള ദിവസങ്ങൾ. പത്തിരിക്കുള്ള പൊടി തയാറാക്കുന്നത് ഞാൻ നോക്കിയിരിക്കാറുണ്ടായിരുന്നു. പത്തിരുപത്തഞ്ച് കിലോ പച്ചരി കഴുകി ഉണക്കി ഉരലിലിട്ട് ഇടിക്കും. ശേഷം വറുത്ത് വലിയൊരു പാത്രത്തിലാക്കി വെക്കും. മേമമാർ ഓരോരുത്തരായി മാറി മാറി അരി ഉരലിലിട്ട് ഇടിക്കുന്നതും അതേസമയം ഇടിച്ച പൊടികൾ ഉമ്മച്ചി ഒരു പ്രത്യേക താളത്തിൽ ഇരുന്ന് വറുക്കുന്നതും ഒക്കെ നോക്കിയിരിക്കാൻ രസമായിരുന്നു. അവർക്കിടയിലുള്ള പരസ്പര സഹകരണവും കളങ്കമില്ലാത്ത സ്നേഹവും എല്ലാം മാതൃകയാകാൻ കെൽപുള്ളതായിരുന്നു. മനസ്സുകൊണ്ടും ശരീരം കൊണ്ടും മറ്റുമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാകുമ്പോഴേക്കും റമദാൻ അടുത്തെത്തിയിട്ടുണ്ടാകും.
അന്ന് ഞങ്ങളുടെ സ്കൂൾ മാപ്പിള സ്കൂൾ ആയിരുന്നു. അത് കൊണ്ടുതന്നെ നോമ്പ് കാലം സ്കൂളിന് അവധിയായിരുന്നു. സ്കൂളും മദ്റസയുമില്ലാത്തത് കൊണ്ട് നോമ്പ് പിടിക്കൽ നിർബന്ധമായിരുന്നു. തറവീഹിന് ശേഷം ഉമ്മ നമസ്കാര പായയിൽനിന്ന് എഴുന്നേൽക്കുന്നതിന് മുമ്പുതന്നെ എല്ലാവരും കേൾക്കെ ‘നവയ്തു, സൗമഒദിൻ..’ എന്ന് തുടങ്ങി നിയ്യത്ത് ചെല്ലിത്തരും. ഞങ്ങൾ ഏറ്റുചെല്ലും. അത്താഴത്തിനെണീറ്റാൽ പിന്നെ ‘ഇനി തുറക്കുന്നതുവരെ ഒന്നും കിട്ടില്ല’ എന്ന ആധിയിൽ ബാങ്ക് കൊടുക്കുവോളം വെള്ളം കുടിച്ചും മറ്റും നോമ്പ് ഉറപ്പിക്കും. സൂര്യനുദിക്കുന്നതുവരെ ഉപ്പ ഞങ്ങളെ ഖുർആനോതിപ്പിക്കും. പിന്നീടൊന്നുറങ്ങി എഴുന്നേൽക്കുമ്പോഴേക്കും വിശപ്പ് തുടങ്ങും. വായിൽ വരുന്ന ഓരോ ഉമിനീരും തുപ്പി നോമ്പ് തുറക്കാൻ സമയമാകുന്നതുവരെ ക്ലോക്കിൽ നോക്കിയും കോലായിലിരുന്നും നേരം പോക്കും. റമദാനിലെ ആദ്യത്തെ പത്ത് കുട്ടികൾക്കുള്ളതാണെന്ന് വലിയുപ്പ പറയുമ്പോൾ പത്ത് നോമ്പ് മാത്രം നോറ്റാൽ മതിയെന്നായിരുന്നു കരുതൽ.
പള്ളിയിൽ ക്ലാസിന് പോകുമ്പോൾ ഉസ്താദ് വിശക്കുന്നവന്റെ വേദനയെക്കുറിച്ച് പറയുമ്പോൾ എനിക്കെന്റെ വിശപ്പിനെക്കുറിച്ച് മാത്രമേ ചിന്തയുണ്ടാവുള്ളൂ. ചില ദിവസങ്ങളിലെ അരനോമ്പുകളും ഇടക്ക് വുളു എടുക്കുമ്പോൾ ആരും കാണാതെ വെള്ളം കുടിക്കുന്നതും തറവീഹിൽ സുജൂദിൽ കിടന്നുറങ്ങുന്നതുമെല്ലാം ഓർക്കുമ്പോൾ ഇന്നും ചിരിവരും.
നോമ്പുകാലത്തെ പ്രത്യേക യാത്രയായിരുന്നു ഉമ്മാടെ വീട്ടിൽ നോമ്പ് തുറക്കാൻ പോകുന്നത്. പലപ്പോഴും ഒന്നാമത്തെ പത്ത് കഴിഞ്ഞിട്ടായിരിക്കും ഈ വിരുന്ന് പോവൽ. നടുവണ്ണൂരിൽ ബസിറങ്ങി രണ്ട് കിലോമീറ്ററോളം പാടത്തൂടെ നടന്നിട്ടുവേണം തറവാട്ടിലെത്താൻ. ‘എത്ര നോമ്പ് നോറ്റ്ന്നായിരിക്കും’ കാണുമ്പോഴേക്ക് എല്ലാവരും ചോദിക്കുക. നോറ്റ നോമ്പിന്റെ എണ്ണം മറ്റുള്ളവരെക്കാൾ കൂടുതലാണെങ്കിൽ വല്യ അഭിമാനത്തിൽ ഞെളിഞ്ഞ് നിൽക്കും. നോമ്പുതുറക്ക് തറവാട്ടിലെ ടയർ പത്തിരിയും കുഞ്ഞി പത്തലും ആയിരിക്കും സ്പെഷൽ വിഭവം. അന്ന് തറവാടിനടുത്ത വീട്ടിലെ ചന്ദ്രേടത്തി നോമ്പെടുക്കുന്നത് കാണുമ്പോൾ എനിക്ക് ഏറെ അദ്ഭുതം തോന്നാറുണ്ടായിരുന്നു. മഗ്രിബ് ആവാൻ നേരം വല്യമ്മ അവരെ ‘നോമ്പ് തുറക്കാനായി’ എന്ന് അറിയിക്കും. വരുമ്പോൾ അവർ കൈയിൽ പഴങ്ങൾ എന്തെങ്കിലും കരുതും. തറവാട്ടിലെ ഉമ്മറ കോലായിയിൽ ഞങ്ങളോടൊപ്പമിരുന്ന് നോമ്പ് തുറക്കുന്നത് കാണുമ്പോൾ പ്രത്യേക സംതൃപ്തി ആയിരുന്നു.
ഉമ്മാടെ വീട്ടിലെ രണ്ട് ദിവസത്തെ നോമ്പുതുറയും കഴിഞ്ഞ് തിരികെ വരുമ്പോൾ ഉള്ളിൽ ഒരു വിഷമം ഉണ്ടാകുമെങ്കിലും ‘സകാത് പൈസ’യുടെ കനം കൂടിയിട്ടുണ്ടാകും. ചന്ദ്രേടത്തിയുടെ വകയുമുണ്ടായിരുന്നു സകാത്. പത്തിന്റെയും ഇരുപതിന്റെയും പുതിയ നോട്ടുകൾ വീടിലെത്തുന്നത് വരെ ഇടക്കിടക്ക് എടുത്ത് നോക്കി എണ്ണിവെക്കും. നോമ്പിന്റെയും സകാത്തിന്റെയും എണ്ണം കൂടുന്നതിനനുസരിച്ച് റമദാൻ വിടപറയാനൊരുങ്ങും.
ശവ്വാലിന്റെ മാസപ്പിറവിയിൽ തക്ബീർ ധ്വനികളാലും മൈലാഞ്ചി ചോപ്പിനാലും 30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന്റെ വിജയാഹ്ലാദങ്ങളായിരിക്കും എങ്ങും.
റമദാൻ വെറും ഭക്തിപൂർവമുള്ള പട്ടിണി മാത്രമല്ല. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ധർമത്തിന്റെയും ഐക്യത്തിന്റെയുമെല്ലാം മാസമാണ്. മറ്റു മാസങ്ങളെക്കാൾ പ്രകാശിച്ചു നിൽക്കുന്ന ഈ റമദാനിലെ നിലാവിനെ കൂടുതൽ മനോഹരമാക്കുന്നത് മാനവമനസ്സിലെ നന്മയുടെ വെളിച്ചം കൂടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.