പുടിൻ സമ്മാനമായി നൽകിയ സൈബീരിയൻ ഫാൽക്കണുമായി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: ബഹ്‌റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അപൂർവ ഇനത്തിൽപെട്ട രണ്ട് സൈബീരിയൻ ജൈർഫാൽക്കൺ പക്ഷികളെ സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും ഈ സമ്മാനത്തിലൂടെ ഊട്ടിയുറപ്പിച്ചു.
കഴിഞ്ഞ ദിവസം സാഖിർ കൊട്ടാരത്തിലെത്തിയ ബഹ്റൈനിലെ റഷ്യൻ അംബാസഡർ അലക്സി സ്കോസൈറെവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാജാവിന് സമ്മാനം കൈമാറിയത്. ഈ അമൂല്യ സമ്മാനത്തിന് ഹമദ് രാജാവ്, പ്രസിഡന്റ് പുടിനോട് നന്ദി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സഹകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ പുടിന്റെ പങ്ക് അദ്ദേഹം വിലമതിച്ചു.
ബഹ്‌റൈൻ-റഷ്യൻ ബന്ധങ്ങളുടെ ശക്തി അടിവരയിട്ട് പറഞ്ഞ രാജാവ്, ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി എല്ലാ മേഖലകളിലും ഈ ബന്ധം വിപുലീകരിക്കാനുള്ള താൽപര്യവും പങ്കുവെച്ചു. ബഹ്‌റൈന് തുടർ പുരോഗതിയും സമൃദ്ധിയും ആശംസിച്ചുകൊണ്ട് പ്രസിഡന്റ് പുടിന്റെ ആശംസകൾ പ്രതിനിധി സംഘം രാജാവിനെ അറിയിച്ചു.
പുടിനും റഷ്യൻ ജനതക്കും തന്റെ ആശംസകളും കൂടുതൽ വികസനവും പുരോഗതിയും നേർന്നുള്ള സന്ദേശവും രാജാവ് പ്രതിനിധി സംഘത്തോട് കൈമാറാൻ ആവശ്യപ്പെട്ടു. ഉദാരമായ ആതിഥേയത്വത്തിന് റഷ്യൻ അംബാസഡറും ഉദ്യോഗസ്ഥരും രാജാവിനോട് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.