മാധവ് ധനഞ്ജയ ഗാഡ്ഗിൽ
മനാമ: കഴിഞ്ഞ ദിവസം വിടപറഞ്ഞ മാധവ് ധനഞ്ജയ ഗാഡ്ഗിൽ കേരളത്തിൽ പരിസ്ഥിതി ബോധത്തിന്റെ ജനാധിപത്യവത്കരണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ആയിരുന്നു എന്ന് പ്രവാസി വെൽഫെയർ സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.
പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക ദുർബല മേഖലകളെ പറ്റിയുള്ള മുന്നറിയിപ്പിലൂടെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗാഡ്ഗിൽ കേരളത്തിന് സുപരിചിതനായത്. കേരളത്തിൽ 2018ലും പിന്നീട് തുടർച്ചയായും സംഭവിച്ച പ്രളയവും ഉരുൾപൊട്ടലുകളും അദ്ദേഹം മുൻകൂട്ടി കാണുകയും കേരളത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പ്രകൃതിയുടെ അവകാശവും മനുഷ്യന്റെ ഉത്തരവാദിത്തവുമെന്ന ആശയത്തെ ആധാരമാക്കി പ്രവർത്തിച്ച അദ്ദേഹം പരിസ്ഥിതി ബോധത്തിന്റെ ജനാധിപത്യവത്കരണത്തിന് വഴിയൊരുക്കിയ മഹാനായ മനുഷ്യസ്നേഹി ആയിരുന്നു എന്ന് അനുസ്മരണത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡൻറ് മജീദ് തണൽ പറഞ്ഞു രാജ്യത്തിന്റെ പരിസ്ഥിതി നയങ്ങളിലും ഗവേഷണങ്ങളിലും പ്രധാന പങ്കുവഹിച്ച അദ്ദേഹം പ്രകൃതി സംരക്ഷണ ചിന്തയുടെ പ്രചാരണത്തിന് സമൂഹത്തെ ഉണർത്തുകയായിരുന്നു. മനുഷ്യവികസനവും പ്രകൃതി സംരക്ഷണവും തമ്മിലുള്ള സമത്വം മുന്നോട്ടുവെച്ചതിലൂടെ ഗാഡ്ഗിൽ ശാസ്ത്രീയ ലോകത്ത് വിശ്വാസ്യത നേടിയിരുന്നു. വെസ്റ്റേൺഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങളും റിപ്പോർട്ടുകളും പൊതുചർച്ചകൾക്കു വഴിതെളിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാഡ്ഗിലിന്റെ നിര്യാണം പരിസ്ഥിതി ശാസ്ത്രത്തിനും പരിസ്ഥിതി പോരാട്ടങ്ങൾക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ചിന്തകളും പാഠങ്ങളും വരുംതലമുറകളിലെ ഗവേഷകരെയും പരിസ്ഥിതി പ്രവർത്തകരെയും പ്രചോദിപ്പിക്കുമെന്ന് തുടർന്ന് സംസാരിച്ച പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിക് എരുമേലി അനുസ്മരിച്ചു.
ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദർ, ഇർഷാദ് കോട്ടയം, സി എം മുഹമ്മദലി ബദറുദ്ദീൻ പൂവാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.