ജോസി തോമസിനുള്ള പ്രവാസി വെൽഫയർ ഉപഹാരം കരിയർ വിംഗ് സെക്രട്ടറി അഡ്വ. ഷഫ്ന തയ്യിബ് നൽകുന്നു
മനാമ: എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉന്നത പഠനമേഖലകളും ഉയർന്ന തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പ്രവാസി വെൽഫെയർ ബഹറൈൻ കരിയർ ഗൈഡൻസ് സെഷൻ സംഘടിപ്പിച്ചു. കരിയർ എന്നത് വെറും ജോലിയുടെ തിരഞ്ഞെടുപ്പല്ല; അത് പുതുതലമുറയുടെ ജീവിത ദിശ കണ്ടെത്തുന്നതാണ് എന്ന് കരിയർ ഗൈഡൻസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബഹ്റൈൻ യൂനിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. ഷഹ്‌നാബി പറഞ്ഞു. വ്യക്തികളുടെ കഴിവുകളെയും താല്പര്യങ്ങളെയും വിലയിരുത്തി സൂക്ഷ്മമായി തിരഞ്ഞെടുക്കേണ്ടതാണ് കരിയർ. ശരിയായ കരിയർ തിരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള ആദ്യപടിയാണ്. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ഭാവിയെ രൂപപ്പെടുത്തുന്ന ഗൈഡൻസ് സെഷൻ മാതൃകാപരം ആണെന്നും ഡോ. ഷഹ്‌നാബി പറഞ്ഞു.
ബഹ്റൈനിലെ പ്രശസ്ത കരിയർ കൗൺസിലറും ഗൈഡൻസ് പ്രൊഫഷണലും മികച്ച ക്വിസറുമായ ജോസി തോമസ് സെഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയും വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കൽ, തൊഴിൽ സാധ്യതകൾ, വ്യക്തിഗത കഴിവുകൾ തിരിച്ചറിയൽ എന്നിവയിൽ വ്യക്തമായ മാർഗനിർദേശവും നൽകി.
ഓൺലൈൻ ആയി നടന്ന പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഭാവി ദിശ നിർണയിക്കാൻ സഹയമായതായി കരിയർ ഗൈഡൻസ് സെഷനിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അതിൻറെ തുടർച്ചയായി ഏപ്രിൽ 15 ബുധനാഴ്ച വൈകുന്നരം 7.00 മണിക്ക് രണ്ടാമതൊരു സെഷൻ കൂടി വെബിനാറായി സംഘടിപ്പിക്കും എന്ന് പ്രവാസി വെൽഫയർ കരിയർ വിംഗ് സെക്രട്ടറി അഡ്വ. ഷഫ്ന തയ്യിബ് അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 66336218 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച കരിയർ ഗൈഡൻസ് വെബിനാറിൽ കരിയർ വിംഗ് സെക്രട്ടറി അഡ്വ. ഷഫ്ന തയ്യിബ് സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയൂം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.