മനാമ: നഗരസൗന്ദര്യത്തിന് മങ്ങലേൽപ്പിച്ചുകൊണ്ട് വർഷങ്ങളായി പണി പൂർത്തിയാകാതെ കിടക്കുന്ന കെട്ടിടങ്ങളെ വരുമാനമാർഗമാക്കി മാറ്റാനുള്ള പദ്ധതി ബഹ്‌റൈൻ ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡിന്റെ പരിഗണനയിൽ. പ്രധാന റോഡുകൾക്ക് അഭിമുഖമായി നിൽക്കുന്ന, ഒരു വർഷത്തിലധികമായി നിർമ്മാണം തടസ്സപ്പെട്ട കെട്ടിടങ്ങളുടെ മുൻഭാഗം പരസ്യങ്ങൾക്കായി താൽക്കാലികമായി വിട്ടുനൽകാനാണ് നിർദ്ദേശം.
പാതിവഴിയിൽ നിലച്ച നിർമാണ പ്രവർത്തനങ്ങൾ മറച്ചുകൊണ്ട് ആകർഷകമായ പരസ്യ പാനലുകളോ ചിത്രങ്ങളോ സ്ഥാപിക്കുന്നതിലൂടെ നഗരത്തിന്റെ ഭംഗി നിലനിർത്താനും അതുവഴി ലഭിക്കുന്ന തുക മുനിസിപ്പൽ സേവനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാമെന്നാണ് വിലയിരുത്തൽ.
എന്നാൽ ഈ പദ്ധതി നടപ്പിലാക്കുന്ന രീതിയെക്കുറിച്ച് ബോർഡിലെ അംഗങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കോടതി ഉത്തരവോ കൃത്യമായ നിയമപിന്തുണയോ ഇല്ലാതെ ഉടമയുടെ കെട്ടിടത്തിൽ ഇടപെടാൻ പ്രായോഗികമായി പ്രയാസമാണെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ ആലിയ യൂസിഫ് ചൂണ്ടിക്കാട്ടി. കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് നൽകുമ്പോൾ തന്നെ, പണി നീണ്ടുപോയാൽ നഗരസഭയ്ക്ക് കെട്ടിടത്തിന്റെ പുറംഭാഗം ഉപയോഗിക്കാൻ അവകാശമുണ്ടെന്ന നിബന്ധന ഉൾപ്പെടുത്തണമെന്ന് ബോർഡ് അംഗം ഡോ. ബഷാർ അഹ്മദിയും ആവശ്യപ്പെട്ടു. നിർമ്മാണം ബോധപൂർവ്വം വൈകിപ്പിക്കുന്നവർക്ക് വലിയ തുക പിഴ ചുമത്തണമെന്നും ഒരു വിഭാഗം അംഗങ്ങൾ വാദിക്കുന്നു.
ലണ്ടൻ പോലുള്ള നഗരങ്ങളിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ പൂർണമായും മനോഹരമായ കവറുകൾ കൊണ്ട് മറയ്ക്കാറുണ്ടെന്ന് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ മുബാറക് അൽ നുഐമി പറഞ്ഞു. ഇത് കെട്ടിടത്തിന്റെ പണി പൂർത്തിയാകുമ്പോൾ എങ്ങനെയിരിക്കും എന്നതിന്റെ ചിത്രം നൽകുകയോ അല്ലെങ്കിൽ പരസ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ഈ മാസം അവസാനം നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടമകളുടെ അവകാശങ്ങളും നഗരത്തിന്റെ സൗന്ദര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കി കൊണ്ടുള്ള ഒരു നിയമപരിഷ്കാരമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.