ജഗദീഷ്, കവിതാ സമാഹാരം

സ്റ്റിയറിങ്ങിനൊപ്പം തുടിക്കുന്ന കവിത: ‘നീലാംബരി'യുമായി പ്രവാസി ഡ്രൈവർ

മനാമ: പ്രവാസത്തിന്റെ തിരക്കേറിയ റോഡുകളിൽ വണ്ടി ഓടിക്കുമ്പോഴും ജഗദീഷിന്റെ മനസ്സിൽ കവിതയുടെ ഈരടികൾ വിരിഞ്ഞുനിൽക്കും. കഴിഞ്ഞ ഏഴ് വർഷമായി ഡയറിത്താളുകളിൽ താൻ കുറിച്ചിട്ട വരികൾ മനോഹരമായി കോർത്തിണക്കി ഒരു കൈയെഴുത്തുപുസ്തകമാക്കി മാറ്റിയിരിക്കുകയാണ് 15 വർഷമായി ബഹ്റൈൻ പ്രവാസിയായ കാസർകോട് കാഞ്ഞങ്ങാട്ട് പടന്നക്കാട് സ്വദേശിയ ജഗദീഷ്. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ ഡ്രൈവറായ ജഗദീഷ് തന്റെ കവിതാസമാഹാരത്തിന് 'നീലാംബരി' എന്നാണ് പേരിട്ടിരിക്കുന്നത്. ജഗദീഷിന് വായന പണ്ടേ ഹരമായിരുന്നു. എന്നാൽ എഴുത്തിലേക്ക് തിരിഞ്ഞത് ഏഴ് വർഷം മുമ്പ് മാത്രമാണ്. ആദ്യം തന്റെ ചിന്തകൾ വാട്സാപ്പ് സ്റ്റാറ്റസുകളായി പങ്കുവെച്ചു. സുഹൃത്തുക്കളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങളാണ് വരികൾ കടലാസിലേക്ക് പകർത്താൻ പ്രേരണയായത്.

ഒഴിവുസമയങ്ങളിൽ കുറിച്ചിട്ട വരികൾ പിന്നീട് ഒരു കൈയെഴുത്തു മാസികയുടെ രൂപത്തിൽ ബൈൻഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു.മഴയും പ്രണയവും നിറഞ്ഞ വരികൾ പ്രകൃതിയോടുള്ള താല്പര്യവും മഴയുടെ നൊമ്പരവും പ്രണയത്തിന്റെ മനോഹാരിതയുമെല്ലാം ജഗദീഷിന്റെ കൊച്ചു കവിതകളിൽ പ്രമേയമാകുന്നു. പ്രവാസത്തിന്റെ യാന്ത്രികതയ്ക്കിടയിലും നന്മയുള്ള വരികൾ കണ്ടെത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.

"തിരക്കുകൾക്കിടയിലും മനസ്സിന് സന്തോഷം നൽകുന്നത് ഈ എഴുത്തുകളാണ്. കൂടെയുള്ളവരുടെ പ്രോത്സാഹനമാണ് നീലാംബരിയെ ഒരു പുസ്തക രൂപത്തിൽ എത്തിക്കാൻ സഹായിച്ചത്," ജഗദീഷ് പറയുന്നു. ലക്ഷ്യം അച്ചടിമഷി പുരണ്ട പുസ്തകം ആണ്. നിലവിൽ ഒരു കൈയെഴുത്തുപ്രതിയായിട്ടാണ് 'നീലാംബരി' സൂക്ഷിച്ചിരിക്കുന്നത്. എങ്കിലും ഭാവിയിൽ തന്റെ കവിതകൾ അച്ചടിമഷി പുരണ്ട് ഒരു പുസ്തകമായി പുറത്തിറക്കണമെന്നാണ് ഈ പ്രവാസി കവിയുടെ സ്വപ്നം.

തന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയ്ക്കൊപ്പം തന്നെ സാഹിത്യത്തോടുള്ള ഈ അഭിനിവേശവും ജഗദീഷിനെ പ്രവാസലോകത്തെ വ്യത്യസ്തനാക്കുന്നു.

Tags:    
News Summary - Poetry that beats with the steering wheel: An expatriate driver with 'Neelambari'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.