മനാമ: ബഹ്‌റൈന്റെ സാംസ്കാരിക തനിമയും പേൾ ഡൈവിങ് പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തെ ആദ്യത്തെ പ്രത്യേക ഇന്ററാക്ടീവ് മ്യൂസിയം സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് പാർലമെന്റ് അംഗങ്ങളുടെയും മുനിസിപ്പൽ കൗൺസിൽ പ്രതിനിധികളുടെയും പൂർണ്ണ പിന്തുണ. നിലവിൽ ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിലെ ഒരു വിഭാഗത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന പേൾ ഡൈവിങ് ചരിത്രത്തെ, വിപുലമായ ഒരു മ്യൂസിയത്തിലൂടെ വരുംതലമുറയ്ക്കായി ജീവസ്സുറ്റതാക്കി മാറ്റണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.
നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗവും ബുദയ്യ, ജസ്ര, ഹമല കൗൺസിലറുമായ മുഹമ്മദ് അൽ ദോസരി മുന്നോട്ടുവെച്ച ഈ പദ്ധതി, വെറുമൊരു പ്രദർശനത്തിനപ്പുറം സന്ദർശകർക്ക് നേരിട്ടുള്ള അനുഭവം പകരുന്ന ഒന്നാണ്. വിദ്യാഭ്യാസ പരിപാടികൾ, പരിശീലന ക്ലാസുകൾ, ഇന്ററാക്ടീവ് പ്രദർശനങ്ങൾ, തത്സമയ പരീക്ഷണങ്ങൾ എന്നിവയിലൂടെ പഴയകാല ബഹ്‌റൈനി പേൾ ഡൈവിങ് തൊഴിലാളികളുടെ ജീവിതം സന്ദർശകർക്ക് നേരിട്ടറിയാൻ ഇതിലൂടെ സാധിക്കും. പേൾ ഡൈവിങ് വെറുമൊരു ചരിത്രമല്ല, മറിച്ച് ബഹ്‌റൈന്റെ സ്വത്വമാണെന്നും സമുദ്രത്തെ ആശ്രയിച്ച് ജീവിച്ച ഒരു ജനതയുടെ ത്യാഗത്തിന്റെ കഥകൾ കേവലം പുസ്തകങ്ങളിൽ വായിക്കുന്നതിനപ്പുറം അനുഭവിച്ചറിയാൻ ഒരു സ്ഥിരം കേന്ദ്രം ആവശ്യമാണെന്നും മുഹമ്മദ് അൽ ദോസരി വ്യക്തമാക്കി.
പേൾ ഡൈവിങ്ങിലെ ഓരോ സാഹചര്യവും ഘട്ടംഘട്ടമായി ഇവിടെ പ്രദർശിപ്പിക്കും. മുത്തുകളുടെ തരംതിരിക്കൽ, പരമ്പരാഗത ഉപകരണങ്ങളുടെ ഉപയോഗം, ആഭരണ നിർമ്മാണത്തിലെ വൈദഗ്ധ്യം എന്നിവയെല്ലാം ഈ മ്യൂസിയത്തിൽ ഉൾപ്പെടുത്തും. കടലിന്റെ അടിത്തട്ടിൽ നിന്ന് ആരംഭിച്ച് ലക്ഷ്വറി ആഭരണങ്ങളായി മാറുന്നതുവരെയുള്ള മുത്തുകളുടെ യാത്ര ഇതിൽ ദൃശ്യവൽക്കരിക്കും.
ഈ പദ്ധതി സാംസ്കാരിക ടൂറിസത്തെയും സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ ഉണർത്തുമെന്ന് പാർലമെന്റ് സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് പ്രസിഡന്റ് അഹമ്മദ് അൽ സല്ലൂം പറഞ്ഞു. എണ്ണയുടെ കണ്ടുപിടുത്തത്തിന് മുൻപ് ജീവൻ പണയം വെച്ച് മുത്തുകൾ വാരി നാടിന്റെ സമ്പദ്‌വ്യവസ്ഥ താങ്ങിനിർത്തിയ പഴയ തലമുറയ്ക്കുള്ള വലിയൊരു ആദരമായിരിക്കും ഈ മ്യൂസിയമെന്ന് എം.പി ഖാലിദ് ബു അനക് അഭിപ്രായപ്പെട്ടു. ഈ സംരംഭം അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുമെന്ന് എം.പി ഹിഷാം അൽ അവാദി കൂട്ടിചേർത്തു. നിലവിൽ ബഹ്‌റൈനിൽ പേൾ ഡൈവിംഗ് ടൂറുകൾ നടത്തുന്ന ലൈസൻസുള്ള കമ്പനികളുമായി ചേർന്നാകും മ്യൂസിയത്തിന്റെ പ്രവർത്തനം വിഭാവനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.