സ്വകാര്യമേഖല ജീവനക്കാർക്ക് യാത്രാബത്ത ഉറപ്പാക്കാൻ നിയമഭേദഗതി നിർദേശം

മനാമ: ബഹ്റൈനിലെ സ്വകാര്യമേഖലാ ജീവനക്കാർക്ക് യാത്രാബത്ത ഉറപ്പാക്കുന്ന നിയമഭേദഗതി നിർദ്ദേശവുമായി എം.പി. ജലാൽ കാദിം രംഗത്തെത്തി. കമ്പനി യാത്രാ സൗകര്യം ഏർപ്പെടുത്താത്ത പക്ഷം സ്വകാര്യമേഖലാ ജീവനക്കാർക്ക് പ്രതിമാസം കുറഞ്ഞത് 15 ദീനാർ യാത്രാബത്ത നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിർദ്ദേശം. ഉയർന്ന ഇന്ധനച്ചെലവും യാത്രാക്കൂലിയും കാരണം ജീവനക്കാർ പ്രതിസന്ധിയിലാണെന്നും, പലരുടെയും ശമ്പളത്തിൽ വർഷങ്ങളായി വർദ്ധനവുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഈ ഭേദഗതി മുന്നോട്ടുവെച്ചിരിക്കുന്നത്.

കമ്പനിയുടെ വകയായി യാത്രാസൗകര്യം ലഭിക്കുന്ന ജീവനക്കാർക്ക് ഈ തുക ലഭിക്കില്ല. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കുറഞ്ഞത് 20 ദീനാർ യാത്രാബത്ത ലഭിക്കുന്നുണ്ടെന്നും, സ്വകാര്യമേഖലയും സർക്കാർ ജോലികളും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഈ പുതിയ നടപടി സഹായിക്കുമെന്നും ജലാൽ കാദിം വ്യക്തമാക്കി. ഇന്ധനച്ചെലവുകളും യാത്രാബില്ലുകളും തൊഴിലാളികളുടെ ശമ്പളത്തിന്റെ വലിയൊരു പങ്ക് കവരുന്നതിനാൽ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ പലർക്കും സാധിക്കുന്നില്ല.

ഈ പ്രതിമാസ തുക യാത്രാച്ചെലവുകൾക്കായി ലഭിക്കുന്നത് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പൂർണ്ണമായി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സഹായിക്കുമെന്നും, സ്വകാര്യമേഖലാ ജോലികൾ കൂടുതൽ ആകർഷകമാക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളിൽ നിന്ന് സ്വകാര്യമേഖലാ ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകാനും സർക്കാർ ജോലികളിലെ ആനുകൂല്യങ്ങളുമായി ഇവരെ അടുപ്പിക്കാനും ഈ മാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിർദേശം തുടർഅനുമതികൾക്കും പരിശോധനക്കുമായി കൈമാറിയിരിക്കയാണ്.

Tags:    
News Summary - Proposal to amend the law to ensure travel allowance for private sector employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.