തീപിടിച്ച കെട്ടിടത്തിലെ പ്രവേശനയിടം സിവിൽ ഡിഫൻസ് അടച്ചിട്ടിരിക്കുന്നു

ബഹ്റൈനിലെ അൽ റാംലി ഹൗസിങ് കോംപ്ലക്സിൽ തീപിടുത്തം; മാതാവിനും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

മനാമ: ബഹ്‌റൈനിലെ റാംലി ഹൗസിങ് കോംപ്ലക്സിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 27 കാരിയായ അമ്മക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം. അഞ്ച്, മൂന്ന്, ഒന്ന് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം. വിവരം ലഭിച്ചയുടൻ തന്നെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ റെസ്ക്യൂ ടീമുകളും വാഹനങ്ങളും സ്ഥലത്തെത്തിയതായി ഡയറക്ടർ ജനറൽ പ്രസ്താവനയിൽ അറിയിച്ചു.

തീയണയ്ക്കാനും അത് പടരുന്നത് തടയാനുമുള്ള അടിയന്തര പ്രവർത്തനങ്ങൾ അവർ ഉടൻ തന്നെ ആരംഭിച്ചു. തുടർന്ന് തീ വീണ്ടും പടരാതിരിക്കാനുള്ള കൂളിംഗ് പ്രവർത്തനങ്ങളും പൂർത്തിയാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അധികൃതർ അനുശോചനം രേഖപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

പൊതുസുരക്ഷാ മുൻകരുതലുകളും തീപിടുത്ത പ്രതിരോധ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഫയർ അലാറം, അഗ്നിശമന സംവിധാനങ്ങൾ എന്നിവ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെ പ്രാധാന്യവും അവർ ഓർമ്മിപ്പിച്ചു.

പ്രത്യേകിച്ച് ചൂടുകൂടിയ കാലാവസ്ഥയിൽ ഇലക്ട്രിക്കൽ കണക്ഷനുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും കുടുംബാംഗങ്ങൾക്കിടയിൽ സുരക്ഷാ ബോധം വളർത്താനും അധികൃതർ നിർദ്ദേശം നൽകി. കൂടാതെ, കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇലക്ട്രിക് ഉപകരണങ്ങൾ, പാചക അടുപ്പുകൾ എന്നിവയിൽ തൊടാനോ അവയ്ക്ക് സമീപം പോകാനോ അനുവദിക്കരുതെന്നും ഗുരുതരമായ അപകടസാധ്യത മുൻനിർത്തി അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Bahrain Fire Tragedy: Mother and Three Children Die in Ramli Housing Complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.