മനാമ: കേരളത്തിന്റെ സാമൂഹിക അടിത്തറയും യുവതലമുറയുടെ ഭാവിയും തകർക്കുന്ന ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പ്രതിരോധം തീർക്കേണ്ട സമയം അതിക്രമിച്ചതായി പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലഹരി വ്യാപനത്തെ ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കാണരുത്. നാടിന്റെ നിലനിൽപ്പിനെതന്നെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ-സാമൂഹിക അധിനിവേശമായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പെയ്ൻ കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂൾ-കോളേജ് മുറ്റങ്ങൾ മുതൽ പ്രാദേശിക കൂട്ടായ്മകൾ വരെ സിന്തറ്റിക് മയക്കുമരുന്നിന്റെ കരാളഹസ്തം നീളുന്ന സാഹചര്യത്തിൽ, നിയമപാലനം മാത്രം പോര. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും വിപുലമായ ബോധവൽക്കരണവും ചേർന്ന സമഗ്രമായ ഇടപെടലിലൂടെ മാത്രമേ ഈ വിപത്ത് ഇല്ലാതാക്കാനാകൂ. നാടിന്റെ നട്ടെല്ലായ യുവാക്കളെയും കൗമാരക്കാരെയും ഈ കെണിയിൽ നിന്ന് രക്ഷിക്കുക എന്നത് ഇന്നത്തെ പ്രധാന ഉത്തരവാദിത്തമാണ്.
നാടിന്റെ സുരക്ഷയിൽ എക്കാലവും ആശങ്കയുള്ള പ്രവാസി സമൂഹത്തിന് ഈ പോരാട്ടത്തിൽ നിർണായക പങ്കുണ്ട്. പ്രവാസികളായ മാതാപിതാക്കൾ നാട്ടിലുള്ള മക്കളുടെ സ്വഭാവമാറ്റങ്ങളിലും കൂട്ടുകെട്ടുകളിലും ജാഗ്രത പുലർത്തണം. നാട്ടിലെ ലഹരിവിരുദ്ധ ക്യാമ്പെയ്നുകൾക്കും കൗൺസിലിംഗിനും പ്രവാസി കൂട്ടായ്മകൾ ധാർമിക പിന്തുണയും സഹകരണവും നൽകണമെന്നും ആഷിഖ് എരുമേലി കൂട്ടിച്ചേർത്തു.
ലഹരിമുക്തവും സുരക്ഷിതവുമായ പുതിയ കേരളത്തിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.