മനാമ: ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായി പന്ത്രണ്ട് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിക്ക് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അഭിനന്ദനമറിയിച്ചു. ഇതുസംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് ആശംസാ സന്ദേശം അയച്ചു.
2014 മെയ് 26-ന് ആദ്യമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി, തുടർച്ചയായി മൂന്നാം തവണയും ഭരണനേതൃത്വത്തിൽ എത്തിയാണ് അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ 4,399 ദിവസത്തെ തുടർച്ചയായ സേവനമാണ് അദ്ദേഹം പൂർത്തിയാക്കിയത്. ഇതോടെ, 1952 മുതൽ 1964 വരെ തുടർച്ചയായി 4,398 ദിവസം പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് മോദി മറികടന്നത്.
അതേസമയം, മോദി സർക്കാർ 12 വർഷം പൂർത്തിയാക്കുന്ന വേളയിൽ രാജ്യത്തെ സാമ്പത്തിക നയങ്ങളെയും വിലക്കയറ്റത്തെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 12 വർഷത്തെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും പരാജയപ്പെട്ട വിദേശനയവും രാജ്യത്തെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് തള്ളിവിട്ടത്. നിലവിൽ ദശലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങളെയും സ്ത്രീകളെയും വിറകടുപ്പിലെ വിഷപ്പുകയിലേക്ക് തള്ളിയിടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഉജ്ജ്വല പദ്ധതി പ്രകാരം നൽകിയിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായി കേന്ദ്രം വെട്ടിക്കുറച്ചു. ഇതിന് പുറമെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾക്ക് 89 രൂപയാണ് വർധിപ്പിച്ചത്. ആദ്യം വില കൂട്ടുക, പിന്നീട് സബ്‌സിഡി വെട്ടിക്കുറക്കുക, ഒടുവിൽ പാവപ്പെട്ടവരുടെ അടുപ്പ് അണക്കുക എന്നതാണ് മോദി സർക്കാരിന്റെ രീതി. കുടിയേറ്റ തൊഴിലാളികളുടെ ജീവവായുവായ 5 കിലോ സിലിണ്ടറിനും 323 രൂപ അധികം നൽകേണ്ട അവസ്ഥയായി. ഇവർ എന്ത് സമ്പാദിക്കും, എന്ത് കഴിക്കും, എന്ത് കരുതിവെക്കും?’’- രാഹുൽ ചോദിച്ചു.
‘കോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി ലക്ഷക്കണക്കിന് കോടിയുടെ കടം എഴുതിത്തള്ളുകയും, സ്വന്തം പരാജയങ്ങളുടെ ഭാരം പാവപ്പെട്ടവരുടെ തലയിൽ കെട്ടിവെക്കുന്നതുമാണ് മോദിയുടെ കൊള്ളയടിക്കൽ മാതൃക . മിസ്റ്റർ മോദി, നിങ്ങളുടെ പരാജയങ്ങളുടെ ഭാരം പാവപ്പെട്ടവർ മാത്രമാണോ പേറേണ്ടത്? നിങ്ങൾ കെട്ടിപ്പടുത്ത ഈ തകർന്ന സമ്പദ്‌വ്യവസ്ഥയുടെ വില തൊഴിലാളികളും കർഷകരും സ്ത്രീകളും ഇടത്തരക്കാരും മാത്രമാണോ നൽകേണ്ടത്?’’ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.