മനാമ: പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി, ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആന്റ് വഖഫ് മന്ത്രാലയം നോട്ടിറൈസ്ഡ് രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെടുന്നതിനുള്ള സേവനം കൂടുതൽ പരിഷ്കരിച്ചു. ഇലക്ട്രോണിക് നോട്രി സേവന പോർട്ടൽ വഴി ഈ സേവനം ഇപ്പോൾ പൂർണ്ണമായും ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷകൾ സമർപ്പിക്കാനും സർട്ടിഫൈഡ് പകർപ്പുകൾ ഇലക്ട്രോണിക് രീതിയിൽ സ്വീകരിക്കാനും സാധിക്കും.
പുതുക്കിയ സേവനപ്രകാരം ആവശ്യമായ രേഖകളുടെ എണ്ണം ഒന്നായി കുറച്ചിട്ടുണ്ട്. അപേക്ഷാ ഫോമുകൾ ഇലക്ട്രോണിക് രൂപത്തിലാക്കി, ഔദ്യോഗിക ചാനലുകളിലെ സേവന വിവരങ്ങൾ ഏകീകരിച്ചു. ഉപയോക്തൃ സൗഹൃദ ഇന്റർഫേസ് ഉറപ്പാക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് നേരിട്ടുള്ള വരവ് ഒഴിവാക്കി എളുപ്പത്തിൽ സേവനം നേടാനും അതുവഴി നോട്രി സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ മാറ്റം സഹായിക്കുമെന്ന് ജസ്റ്റിസ് മന്ത്രാലയത്തിലെ നോട്രി ആന്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ നൗഫ് അലി ഖൽഫാൻ വ്യക്തമാക്കി.
സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും നിക്ഷേപകരിൽ നിന്നും തവാസുൽ സംവിധാനം വഴിയും, സീക്രട്ട് ഷോഷർ റിപ്പോർട്ടുകൾ വഴിയുമൊക്കെ ലഭിച്ച നിർദ്ദേശങ്ങളുടെയും ഫീഡ്‌ബാക്കുകളുടെയും അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരങ്ങൾ.
നിലവിൽ വിവിധ സർക്കാർ മേഖലകളിലായി 1,300-ലധികം സർക്കാർ സേവനങ്ങൾ ഡോക്യുമെന്റ് ചെയ്യപ്പെടുകയും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 800-ഓളം സേവനങ്ങൾ പുതിയ ഘട്ടങ്ങളിലായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിലും സുഗമവുമാക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.