പ്രവാസികൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് ഉൾപ്പെടെ പുതുക്കിയ വർക്ക്, ഫാമിലി വിസ നിരക്കുകൾ പ്രഖ്യാപിച്ച് എൽ.എം.ആർ.എ
മനാമ: ബഹ്റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) വിവിധ വർക്ക് പെർമിറ്റ്, ആശ്രിത വിസ സേവനങ്ങൾക്കുള്ള പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു. എൽ.എം.ആർ.എ ഫീസ്, അഡ്മിൻ ഫീസ്, നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന മൊത്തം തുകകളുടെ ഔദ്യോഗിക വിവരങ്ങളാണ് പുറത്തുവിട്ടത്. ഒക്ടോബർ 31 മുതലാണ് നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.
ആശ്രിത വിസകൾ 6 മാസം, 1 വർഷം, 2 വർഷം എന്നീ ഏത് കാലയളവിലേക്ക് അപേക്ഷിച്ചാലും ഒരേ നിരക്കാണ് ഈടാക്കുന്നത്. വർക്ക് പെർമിറ്റ് ഫീസ് 90 ദിനാർ, അഡ്മിൻ ഫീസ് 5 ദിനാർ, ഇൻഷുറൻസ് 180 ദിനാർ ഉൾപ്പെടെ മൊത്തം 275 ദിനാറാണ് ആശ്രിത വിസ അപേക്ഷകർ നൽകേണ്ടത്.
തൊഴിൽ വിസകൾ 6 മാസത്തേക്ക് എടുക്കുമ്പോൾ വർക്ക് പെർമിറ്റ് ഫീസ് 52.500 ദിനാർ, അഡ്മിൻ ഫീസ് 5 ദിനാർ, ഇൻഷുറൻസ് 90 ദിനാർ ഉൾപ്പെടെ മൊത്തം 147.500 ദിനാർ നൽകണം. 6 മാസത്തെ പുതുക്കലിന് മുൻപുണ്ടായിരുന്ന 102.500 ദിനാർ എന്നതാണ് ഇപ്പോൾ 147.500 ദിനാറായി ഉയർന്നത്. എന്നാൽ 1 വർഷത്തെ തൊഴിൽ വിസയ്ക്ക് വർക്ക് പെർമിറ്റ് ഫീസ് 105 ദിനാർ, അഡ്മിൻ ഫീസ് 5 ദിനാർ, ഇൻഷുറൻസ് 90 ദിനാർ ഉൾപ്പെടെ മൊത്തം 200 ദിനാറാണ് നിരക്ക്. 2 വർഷത്തെ തൊഴിൽ വിസയ്ക്ക് വർക്ക് പെർമിറ്റ് ഫീസ് 210 ദിനാർ, അഡ്മിൻ ഫീസ് 5 ദിനാർ, ഇൻഷുറൻസ് 180 ദിനാർ ഉൾപ്പെടെ മൊത്തം 395 ദിനാറും നൽകണം. തൊഴിൽ വിസകളിൽ 1 വർഷം, 2 വർഷം എന്നീ കാലയളവുകളിലെ നിരക്കുകളിൽ മുൻപത്തെ ഫീസിൽ നിന്ന് മാറ്റമൊന്നുമില്ല.
ബഹ്റൈനിൽ അംഗീകാരമുള്ള കമ്പനികളുടെ ഹെൽത്ത് ഇൻഷുറൻസ് തുകകൾ കൂടി ഉൾപ്പെടുത്തിയുള്ള ഈ പുതിയ നിരക്കുകൾ ഇനി മുതൽ വിസകൾ പുതുക്കുമ്പോഴും പുതിയ അപേക്ഷ സമർപ്പിക്കുമ്പോഴും അപേക്ഷകർ നൽകേണ്ടതുണ്ട്.
ഇതിനുപുറമേ, വാർഷിക വർക്ക് പെർമിറ്റ് ഫീസിലും ഘട്ടംഘട്ടമായി മാറ്റങ്ങൾ നടപ്പിലാക്കുന്നുണ്ട്. നിലവിലെ 100 ദിനാറിൽ നിന്ന് ഓരോ വർഷവും നിശ്ചിത തുക ഉയർന്ന് 2029 ഓടെ ഇത് 125 ദിനാറായി മാറും. 2026-ൽ 105 ദിനാർ, 2027-ൽ 111 ദിനാർ, 2028-ൽ 118 ദിനാർ എന്നിങ്ങനെയാണ് ഘട്ടംഘട്ടമായുള്ള നിരക്ക് വർധനവ്.
അംഗീകൃത നിയമങ്ങൾക്കും ആനുകൂല്യങ്ങൾക്കും വിധേയമായി, അർഹരായ പ്രവാസികൾക്ക് പ്രൈമറി, സെക്കൻഡറി ആരോഗ്യ സേവനങ്ങൾ, അത്യാഹിത വിഭാഗ ചികിത്സകൾ, അപകടങ്ങൾ എന്നിവയിൽ നിലവിൽ പ്രഖ്യാപിക്കപ്പെട്ട ഈ നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്നുണ്ട്.
കൂടുതൽ വിപുലമായ ചികിത്സാ കവറേജ് ആഗ്രഹിക്കുന്ന തൊഴിലുടമകൾക്കും ഗുണഭോക്താക്കൾക്കും അധിക ഇൻഷുറൻസ് പാക്കേജുകളും തിരഞ്ഞെടുക്കാവുന്നതാണ്.
എന്നാൽ ഗാർഹിക തൊഴിലാളികൾ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, അവരുടെ ആശ്രിതർ എന്നിവരെ ഈ ഘട്ടത്തിൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ഇൻഷുറൻസ് നിലവിൽ വരുന്നതോടെ സൽമാനിയ ആശുപത്രിയിലെ തിരക്ക് കുറയുകയും ബെഡുകളുടെ ലഭ്യത മെച്ചപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.